സ്വത്ത് തർക്കത്തിൽ സഹോദരനെ കൊന്നു; 104കാരന് 36വർഷങ്ങൾക്ക് ശേഷം ജയിൽമോചനം
ശിഷ്ടകാലം കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാനാണ് ആഗ്രഹമെന്നാണ് മൊണ്ഡാലിന്റെ പ്രതികരണം
കൊൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന 104കാരന് മോചനം. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ രാസിക്ത് മൊണ്ഡാലിനാണ് 36 വർഷങ്ങൾക്ക് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ശിഷ്ടകാലം കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാനാണ് ആഗ്രഹമെന്നാണ് മൊണ്ഡാലിന്റെ പ്രതികരണം.
1988ലായിരുന്നു കേസിനാസ്പദമായ സംഭവം. മൊണ്ഡാലും സഹോദരനുമായി നിലനിന്നിരുന്ന ഭൂമിത്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് 1994ൽ കോടതി ഇയാളെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. അന്ന് 68 വയസ്സായിരുന്നു മൊണ്ഡാലിന്. തുടർന്ന് പ്രായം ചൂണ്ടിക്കാട്ടി ശിക്ഷയിൽ അളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എന്നാൽ അപ്പീൽ തള്ളി. ഇളവ് അപേക്ഷിച്ച് മൊണ്ഡാൽ സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് കാട്ടി 2020ൽ ഇയാൾ വീണ്ടും സുപ്രിംകോടതിയിലെത്തി. തുടർന്നാണിപ്പോൾ കോടതി ശിക്ഷാകാലാവധി വെട്ടിക്കുറച്ചത്.