അഗ്നിപഥ് പ്രതിഷേധം: ബിഹാറില്‍ റെയില്‍വെയ്ക്ക് 700 കോടിയുടെ നഷ്ടം
പത്തിലേറെ ട്രെയിൻ ബോഗികൾക്ക് തീവെച്ച പ്രതിഷേധക്കാർ ആര ജംഗ്ഷൻ സ്റ്റേഷനും കല്ലെറിഞ്ഞ് തകർത്തു
പറ്റ്ന: അഗ്നിപഥ് പദ്ധതിക്ക് എതിരെ ബിഹാറിൽ നടന്ന പ്രക്ഷോഭങ്ങൾ ഏറ്റവും അധികം ബാധിച്ചത് ആര ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളെ. പത്തിലേറെ ട്രെയിൻ ബോഗികൾക്ക് തീവെച്ച പ്രതിഷേധക്കാർ ആര ജംഗ്ഷൻ സ്റ്റേഷനും കല്ലെറിഞ്ഞ് തകർത്തു. ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് നേരെ വ്യാപകമായി ആക്രമങ്ങൾ നടന്നിട്ടുണ്ട്.
നാല് റെയിൽവേ സ്റ്റേഷനുകൾ ആണ് ബിഹാറിലെ ആര ജില്ലയിൽ ഉള്ളത്. അഗ്നിപഥ് പദ്ധതിക്ക് എതിരെ സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും നേരെ ആക്രമണം ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ആര ജംഗ്ഷൻ സ്റ്റേഷൻ തന്നെ ആണ്. വെള്ളിയാഴ്ച അഗ്നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധവുമായി എത്തിയ ഉദ്യോഗാർഥികൾ സ്റ്റേഷന് നേരെ നടത്തിയ കല്ലേറിൽ മുൻവശത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു. നൂറിലേറെ പ്രതിഷേധക്കാർ മുന്നറിയിപ്പില്ലാതെ എത്തിയപ്പോൾ പൊലീസും നിസ്സഹായരായിരുന്നുവെന്ന് പ്രദേശവാസിയായ യുവാവ് പറഞ്ഞു.
ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെ പ്രതിഷേധക്കാർ തകർത്തു. കൗണ്ടറുകളിൽ നടന്ന മോഷണം മുതൽ ട്രെയിൻ ബോഗികൾക്ക് തീവെച്ചത് ഉൾപ്പെടെ ബിഹാറിൽ റെയിൽവെയ്ക്ക് ഉണ്ടായിരിക്കുന്നത് 700 കോടി രൂപയുടെ നഷ്ടമാണ്. 60 കോച്ചുകളും 11 എഞ്ചിനുകളും ആണ് കത്തിനശിച്ചത്. ഇവ ജില്ലയിലെ തന്നെ മറ്റൊരു സ്റ്റേഷനായ ധാനാപൂരിലേക്ക് മാറ്റിയിട്ടുണ്ട്.