'വരും തലമുറകൾ കാത്തുസൂക്ഷിക്കുന്ന നേട്ടം'; ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

നേട്ടം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെ കൂടുതൽ ജനപ്രിയമാക്കുമെന്നും നരേന്ദ്രമോദി

Update: 2024-08-08 15:50 GMT
Advertising

ഡൽഹിl: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും വരും തലമുറകൾ കാത്തുസൂക്ഷിക്കുന്ന നേട്ടമാണിതെന്നും മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെ കൂടുതൽ ജനപ്രിയമാക്കും,  ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ടെന്നും മോദി ചൂണ്ടിക്കാണിച്ചു. തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേടുന്നത് സവിശേഷമാണെന്നും പ്രധാനമന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

'തലമുറകൾ ഓർത്തുവെക്കുന്ന വിജയമാണിത്. പാരിസിൽ ഇന്ത്യൻ ഹോക്കി ടീം വളരെ തിളക്കമുള്ള പ്രകടനം കാഴ്ച വെച്ചാണ് വെങ്കലമെഡൽ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. തുടർച്ചയായ രണ്ടാം വെങ്കല നേട്ടമെന്ന നിലയിൽ ഈ വിജയം അൽപ്പം കൂടി സവിശേഷമാണ്. കഴിവിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ടീം സ്പിരിറ്റിന്റെയും വിജയമാണിത്. എല്ലാവർക്കും അഭിനന്ദനങ്ങൾ', മോദി എക്‌സിൽ കുറിച്ചു.

'ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരികമായ ബന്ധമാണുള്ളത്. ഈ നേട്ടം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെ കൂടുതൽ ജനപ്രിയമാക്കും', മോദി കൂട്ടിച്ചേർത്തു. 

സ്‌പെയിനിനെതിരായ വെങ്കലമെഡൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2021 ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമെഡൽ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും നിർണായക സേവുകളുമായി ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ ശ്രീജേഷുമാണ് ഇന്ത്യയുടെ വിജയശിൽപ്പികളായത്. പാരിസ് ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച പി.ആർ ശ്രീജേഷ് വെങ്കലമെഡൽ നേട്ടത്തോടെയാണ് പടിയിറങ്ങുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News