കോർപ്പറേഷൻ ജീവനക്കാരനെ ബാറ്റുകൊണ്ട് മർദിച്ച സംഭവം; മുന്‍ ബിജെപി എംഎൽഎ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ച കേസിലാണ് പ്രത്യേക കോടതിയുടെ നടപടി

Update: 2024-09-09 14:52 GMT
Advertising

ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്‌പെക്ടറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ചെന്ന കേസിൽ മുൻ ബിജെപി എംഎൽഎ ഉൾപ്പെടെ ഒമ്പത് പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർഗിയയുടെ മകനും ബിജെപിയുടെ മുൻ എംഎൽഎയുമായ ആകാശ് വിജയവർഗിയ ഉൾപ്പെടെയുളളവരെയാണ് പ്രത്യേക കോടതി വെറുതെവിട്ടത്.

2019 ജൂൺ 26ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനെ റോഡിൽ വെച്ച് പരസ്യമായി ബാറ്റുകൊണ്ട് അടിച്ചെന്നാണ് കേസ്. ഗഞ്ചി കോമ്പൗണ്ടിലെ തകർന്ന വീട് പൊളിക്കാൻ വിസമ്മതിച്ചതിനാണ് സോണൽ ഓഫീസർ ധീരജ് ബായിസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചത്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ്റെ വാഹനങ്ങളും ആകാശ് വിജയവർഗിയയുടെ അനുയായികൾ തകർത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂ​ഹമാധ്യമങ്ങളിൽ വ്യാപകമയി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആകാശിനും മറ്റു 10 പേർക്കുമെതിരെ കേസെടുത്തത്.

കേസിലെ വാദങ്ങൾ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഇക്കാരണത്താൽ വിജയ്‌വർഗിയയെയും മറ്റ് ഒമ്പത് പേരെയും കോടതി വെറുതെവിടുകയായിരുന്നെന്നും പ്രതിഭാഗം അഭിഭാഷകൻ ഉദയ്പ്രതാപ് സിങ് കുഷ്‌വ പറഞ്ഞു. പരാതിക്കാരനായ ഉദ്യോഗസ്ഥനടക്കം വ്യക്തമല്ലാത്ത മൊഴിയാണ് കോടതിക്കു മുമ്പാകെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മറ്റൊരു പ്രതി വിചാരണ നടക്കുന്ന സമയത്ത് കൊല്ലപ്പെട്ടിരുന്നു. ഇൻഡോറിലെ എംജി റോഡ് പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എം.പി.മാരും എം.എൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിചാരണയ്‌ക്കായി രൂപീകരിച്ച പ്രത്യേക കോടതിയാണ് ഇവരെ വെറുതെ വിട്ടത്. പ്രത്യേക കോടതി ജഡ്ജി ദേവ് കുമാർ അധ്യക്ഷനായി. 

 സംഭവത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകാശ് വിജയ്‌വർഗിയയ്ക്കു ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ആകാശിന്റെ സിറ്റിങ് സീറ്റായ ഇൻഡോർ–മൂന്നിൽ രാകേഷ് ഗോലു ശുക്ലയായിരുന്നു ബിജെപി സ്ഥാനാർഥി. കോർപറേഷൻ ജീവനക്കാരനെ മർദിച്ചതിനെത്തുടർന്നു പ്രധാനമന്ത്രിയുടെ വിമർശനത്തിനും ആകാശ‍് പാത്രമായിരുന്നു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News