‘നാട്ടുകാരുടെ സമ്മതമില്ലാതെ പേര് മാറ്റരുത്’; ഒപ്പുശേഖരണവും പ്രതിഷേധവുമായി ആൻഡമാൻ നിവാസികൾ

പേര് മാറ്റമല്ല, അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടതെന്ന് നാട്ടുകാർ

Update: 2024-09-14 18:30 GMT
narendra modi at portblair
AddThis Website Tools
Advertising

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് തങ്ങളുടെ സമ്മതമില്ലാതെ മാറ്റിയതിനെതി​രെ പ്രതിഷേധവുമായി പ്രദേശവാസികൾ. കഴിഞ്ഞദിവസമാണ് പേര് ‘ശ്രീവിജയപുരം’ എന്നാക്കി മാറ്റിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘എക്സി’ലൂടെ അറിയിക്കുന്നത്. ഇതോടെയാണ് ആൻഡമാനിൽ താമസിക്കുന്നവർ പോലും പുതിയ പേരിന്റെ വിവരം അറിയുന്നത്.

കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പേര് മാറ്റമെന്ന് അമിത് ഷാ ‘എക്സി’ൽ കുറിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ആർക്കിബാൾഡ് ബ്ലെയറിൽനിന്നാണ് പോർട്ട് ​ബ്ലെയർ എന്ന പേര് ലഭിക്കുന്നത്. എന്നാൽ, തങ്ങളോട് ചോദിക്കാതെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം കേന്ദ്ര സർക്കാറിനെ അറിയിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. പോർട്ട് ബ്ലെയർ തങ്ങൾ ജനിച്ചുവളർന്ന മണ്ണാണെന്നും ആ പേര് ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണെന്നും ഒരുകൂട്ടം ആളുകൾ പറയുന്നു. അതേസമയം, പേര് മാറ്റിയതിൽ പ്രശ്നമില്ലെന്നും എന്നാൽ കുറച്ചുകൂടി നല്ല പേരിടമായിരുന്നുവെന്നും മറ്റു ചിലർ വാദിക്കുന്നു.

കേന്ദ്ര സർക്കാറിനെ പ്രതിഷേധം അറിയിക്കാനായി ഒപ്പുശേഖരണമടക്കം നാട്ടുകാർ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ സമ്മതമില്ലാതെ പേര് മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. ദ്വീപുകളുടെ പേര് കേവലം ഒരു അടയാളം മാത്രമല്ല. ചരിത്രത്തിലും സംസ്കാരത്തിലും ആഴ്ന്നിറങ്ങിയ അതിന്റെ അതുല്യമായ സ്വത്വത്തിന്റെ പ്രതീകമാണ്. നാട്ടുകാരുമായി കൂടിയാലോചിക്കാതെ പേര് മാറ്റുന്നത് ഈ ദ്വീപുകളെ വീടെന്ന് വിളിക്കുന്ന നാല് ലക്ഷം വരുന്ന ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തിന് നേരെയുള്ള ഭീഷണിയാണ്. ഈ പ്രക്രിയയിൽ പ്രദേശവാസികളുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയൊരു തീരുമാനം നിർദേശിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യരുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി നിവേദനത്തിൽ പറയുന്നു.

 ജനാധിപത്യത്തിന്റെ ചൈതന്യത്തിലും തദ്ദേശീയ സംസ്കാരങ്ങളോടുള്ള ആദരവിലും, ഇത്തരം സമൂലമായ മാറ്റങ്ങൾ നിർദേശിക്കും മുമ്പ് പ്രദേശവാസികളുമായി തുറന്ന കൂടിയാലോചന നടത്താൻ ബന്ധപ്പെട്ട അധികാരികളോട് ഞങ്ങൾ അഭ്യർഥിക്കുന്നു. ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കാം, നമ്മുടെ രാജ്യം സ്ഥാപിച്ച ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കാമെന്നും നിവേദനത്തിൽ വ്യക്തമാക്കി. 7000ന് മുകളിൽ ആളുകൾ ഇതിനകം ഇതിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നാട്ടുകാർ ആലോചിക്കുന്നുണ്ട്.

‘ജനാധിപത്യമില്ലാത്ത ആൻഡമാൻ’

കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോയെടാണ് കേന്ദ്ര സർക്കാർ പേര് മാറ്റിയത്. എന്നാൽ, ഇത് നടപ്പാക്കുന്ന രീതി കൊളോണിയൽ കാലഘട്ടത്തിനേത് സമാനമാണെന്ന് ആൻഡമാനിലെ ​ഫെറാർഗഞ്ച് ബ്ലോക്ക് പഞ്ചായത്തംഗം ഷമീം അഹമ്മദ് ‘മീഡിയവണി’നോട് പറഞ്ഞു. ആൻഡമാനിൽ ജനാധിപത്യമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ലെഫ്റ്റനന്റ ഗവർണറും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ചേർന്ന് അടിച്ചമർത്തിയിരിക്കുകയാണ്. പേര് മാറ്റമല്ല ജനങ്ങൾക്ക് വേണ്ടത്, സംസ്ഥാന കൗൺസിലോ നിയമസഭയോ ആണ് ആദ്യം നൽകണ്ടേത്. അടിമത്തത്തിൽ ചെയ്തതുപോലെയാണ് കേന്ദ്രം ഭരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഈ പേര് മാറ്റമെന്നും ഷമീം അഹമ്മദ് വ്യക്തമാക്കി.

പേര് മാറ്റം ഏതാനും പേർ മാത്രമാണ് അറിഞ്ഞിരുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പോർട്ട് ബ്ലെയർ മുനിസിപ്പൽ അധ്യക്ഷന്റെയും ഒപ്പ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓഫിസർമാർ വാങ്ങിയിരുന്നുവെന്നും ഇക്കാര്യം മറ്റാരോടും പറയരുതെന്നും ആവശ്യപ്പെട്ടതായും വിവരമുണ്ട്. കോൺ​ഗ്രസാണ് ഇവിടങ്ങളിൽ ഭരിക്കുന്നത്. അതിനാൽ തന്നെ തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർ ഇത്തരത്തിൽ ഒപ്പിട്ട് നൽകിയത് കോൺഗ്രസിനകത്തും വലിയ വിവാദമായി മാറിയിട്ടുണ്ട്.

 

സംഭവത്തിൽ പോർട്ട് ബ്ലെയർ സ്ഥിതി ചെയ്യുന്ന സൗത്ത് ആൻഡമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. രജനി വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് രാത്രി ഒമ്പതിന് ഒരു വനിതാ ഉദ്യോഗസ്ഥ വന്ന് ഒരു കമ്മിറ്റി രൂപീകരിച്ചതായും അതിൽ നിങ്ങളും അംഗമാണെന്നും പറഞ്ഞു ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് ഇപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. പേര് മാറ്റത്തിനെതിരെ പോരാടാൻ മുമ്പിലുണ്ടാകുമെന്നും ഇവർ വാട്ട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയതിനെതിരെ ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, ജനങ്ങളുടെ അഭിപ്രായം തേടാതയുള്ള പേര് മാറ്റം നിർഭാഗ്യകരമാണെന്ന് ആൻഡമാനിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടിഎസ്ജി ഭാസ്കർ പറഞ്ഞു.

പുതിയ പേരറിയാതെ ബിജെപി എംപി

പേര് മാറ്റം ആൻഡമാനിലെ ബിജെപി എംപി പോലും അറിഞ്ഞിരുന്നില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. അമിത് ഷായുടെ പ്രഖ്യാപനശേഷം ബിഷ്ണു പാദ റേ എംപി കേന്ദ്ര സർക്കാറിനെ പുകഴ്ത്തിക്കൊണ്ട് വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിൽ ​പോർട്ട് ബ്ലെയറിന്റെ പുതിയ പേര് തെറ്റായിട്ടാണ് അദ്ദേഹം പറയുന്നത്. വിജയഭാരത്, ശ്രീവിജയഭാരത്പുരം എന്നിങ്ങനെയെല്ലാമാണ് അദ്ദേഹം പറയുന്നത്. ബിജെപി എംപി പോലും ഈ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാട്ടുകാർ വിമർശിക്കുന്നു.

ബിഷ്ണു പാദ റേ എംപിയുടെ വിഡിയോ സന്ദേശം

പേര് മാറ്റത്തെ ആൻഡമാനിലെ ബിജെപിയും വിശ്വഹിന്ദു പരിഷത്തുമടക്കമുള്ളവർ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്. മുമ്പത്തെ പേരിന് ഒരു കൊളോണിയൽ പാരമ്പര്യം ഉണ്ടായിരുന്നുവെന്നാണ് അമിത് ഷായുടെ വിശദീകരണം. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയ​ത്തെയും അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ അതുല്യമായ പങ്കും പ്രതീകപ്പെടുത്തുന്നതാണ് ശ്രീ വിജയപുരമെന്ന പുതിയ പേര്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒര​ുകാലത്ത് ചോള സാമ​്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന പ്രദേശമാണിത്. ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ നിർണായക അടിത്തറയായി മാറിയതായും അമിത് ഷാ വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസ് നമ്മുടെ തിരംഗയുടെ ആദ്യ അവതരണത്തിന് ആതിഥേയത്വം വഹിച്ചത് ഇവിടെയാണ്. വീർ സവർക്കറും മറ്റു സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി ​​പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കറുടെ പേരിലാണ് ആൻഡമാനിലെ വിമാനത്താവളം.

ശ്രീവിജയപുരം എന്ന പേര് ആന്തമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലെ സമ്പന്നമായ ചരിത്രത്തെയും ധീരൻമാരെയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. കൊളോണിയൽ ചിന്താഗതിയിൽനിന്ന് മോചനം നേടാനും നമ്മുടെ പൈതൃകം ആഘോഷിക്കാനുമുള്ള പ്രതിബദ്ധതെയയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

 

വേണ്ടത് അടിസ്ഥാന സൗകര്യം

പേര് മാറ്റമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് നാട്ടുകാർ പറയുന്നു. തകർന്ന റോഡുകൾ, കുടിവെള്ളം ലഭ്യമല്ലാത്തത്, നിരന്തരമായ വൈദ്യുതി മുടക്കം, തൊഴിലില്ലായ്മ, ആരോഗ്യ സംവിധാനങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ 836 ദ്വീപുകളാണുള്ളത്. ഇതിൽ 28 എണ്ണത്തിൽ മാത്രമാണ് ജനവാസം.

Summary : Andaman residents protest against Port Blair's name change

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - വി.കെ. ഷമീം

Senior Web Journalist

Similar News