"പാദ നമസ്കാരം ചെയ്താല്‍ പണി പോകും" ഓഫീസിൽ കാൽ തൊട്ട് വണങ്ങൽ വിലക്കി കേന്ദ്രമന്ത്രി
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാറാണ് തന്റെ ഓഫീസിൽ കാൽതൊട്ട് വണങ്ങൽ നിരോധിച്ചത്
ഭോപ്പാൽ: തന്റെ ഓഫീസിൽ കാൽ തൊട്ട് വണങ്ങൽ നിരോധിച്ച് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്രകുമാർ. തിക്കാഗഢിൽ നിന്നും എംപിയായ മന്ത്രി തന്റെ മണ്ഡലത്തിലെ ഓഫീസിലാണ് 'കാല് തൊട്ട് വണങ്ങുന്നത് നിരോധിച്ചിരിക്കുന്നു' എന്ന് പോസ്റ്റർ പതിപ്പിച്ചത്. 'കാല് തൊട്ട് വണങ്ങുന്നവർക്ക് ഒരു ജോലിയും നൽകില്ല' എന്നും മുന്നറിയിപ്പുണ്ട്.
ഇന്ത്യയിൽ അങ്ങോളമിങ്ങോളം രാഷ്ട്രീയത്തിൽ കാല് തൊട്ട് വണങ്ങൽ സാധാരണ സംഭവമാണെന്നിരിക്കെ, സാമൂഹ്യനീതി മന്ത്രിയുടെ നയം വ്യത്യസ്തമാവുകയാണ്.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും പരാജയപ്പെടാത്ത നേതാവാണ് ഡോ. വീരേന്ദ്ര കുമാർ. 1996ൽ സാഗർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചാണ് വീരേന്ദ്ര കുമാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2009ൽ തിക്കഗഢ് മണ്ഡലം രൂപീകരിച്ച ശേഷം ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വീരേന്ദ്ര കുമാർ മത്സരിച്ച് വിജയിച്ചു. തുടർന്ന് 2014, 2019, 2024 വർഷങ്ങലിലും തിക്കാഗഢിനെ പ്രതിനിധീകരിച്ച് വീരേന്ദ്ര കുമാർ ലോക്‌സഭയിൽ എത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരിൽ ഏറ്റവും വ്യത്യസ്തനാണ് വീരേന്ദ്ര കുമാർ. മന്ത്രിമാർക്ക് അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്നിരിക്കെ ഇതൊന്നും വകവയ്ക്കാതെ നടന്ന് യാത്ര ചെയ്യുന്ന ആളാണ് ഇദേഹം. ആളുകളോട് നന്നായി സംസാരിക്കാനും മന്ത്രിക്ക് മടിയില്ല. വളരെ ചുരുങ്ങിയ അവസരങ്ങളിലാണ് അദേഹം ഔദ്യോഗിക വാഹനം ഉപയോഗിക്കാറ്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രിയായി 2017ൽ സ്ഥാനം നൽകിയതോടെയാണ് വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രി പദവിയിലെത്തുന്നത്. തുടർന്ന് 2019ലും 2024ലും അദേഹത്തിന് മന്ത്രി പദവി ലഭിച്ചു.