ജാമിഅയുമായുള്ള സംയുക്ത കോഴ്സിൽ മുസ്‌ലിം വിദ്യാർത്ഥി സംവരണം അവസാനിപ്പിക്കാനൊരുങ്ങി ഡൽഹി സർവകലാശാല
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ക്ലസ്റ്റർ ഇന്നൊവേഷൻ സെൻ്റർ (സിഐസി) നടത്തുന്ന എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്സിലേക്കാണ് മുസ്‌ലിം വിദ്യാര്‍ഥി സംവരണം ഒഴിവാക്കാനൊരുങ്ങുന്നത്.
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുമായി സഹകരിച്ച് നടക്കുന്ന കോഴ്സിലേക്ക് മുസ്‌ലിം വിദ്യാര്‍ഥി സംവരണം ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല(ഡിയു). സര്‍വകലാശാലക്ക് കീഴിലെ ക്ലസ്റ്റർ ഇന്നൊവേഷൻ സെൻ്റർ (സിഐസി) നടത്തുന്ന എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്സിലേക്കാണ് മുസ്‌ലിം വിദ്യാര്‍ഥി സംവരണം ഒഴിവാക്കാനൊരുങ്ങുന്നത്.
മെറ്റാ യൂണിവേഴ്സിറ്റി ആശയത്തിന് കീഴിൽ ജാമിഅ മില്ലിയ ഇസ്‌ലാമിയയുമായി സഹകരിച്ച് സിഐസി നല്‍കുന്ന കോഴ്സാണ് എംഎസ്‌സി മാത്തമാറ്റിക്സ്. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിൽ സ്ഥാപിതമായ ക്ലസ്റ്റർ ഇന്നൊവേഷൻ സെന്ററിന്, കേന്ദ്രസര്‍ക്കാരാണ് ഫണ്ട് ചെയ്യുന്നത്.
തിങ്കളാഴ്ച ചേരുന്ന സിഐസിയുടെ ഗവേണിംഗ് ബോഡി യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ൽ ആരംഭിച്ച ഈ കോഴ്സ്, ഡിയുവും ജാമിഅയും തമ്മിലുള്ള സഹകരണത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കായുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശന പ്രക്രിയ നടത്തിയിരുന്നത്. മുസ്‌ലിം വിദ്യാര്‍ഥികൾക്കുള്‍പ്പെടെയുള്ള സംവരണവും ഇവിടെ പാലിച്ചിരുന്നു.
ആകെയുള്ള 30 സീറ്റുകളിൽ 12 എണ്ണം സംവരണമില്ലാത്ത വിഭാഗത്തിനും ആറെണ്ണം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ക്രീമിലെയർ ഇതര വിഭാഗത്തിനും), നാലെണ്ണം മുസ്‌ലിം ജനറലിനും മൂന്നെണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും രണ്ടെണ്ണം പട്ടികജാതിക്കാർക്കും ഒന്ന് വീതം പട്ടികവർഗക്കാർക്കുമായിരുന്നു.
അതേസമയം മതപരമായ സംവരണം സർവകലാശാലയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഒരു മുതിർന്ന ഡിയു ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സർവകലാശാലയിൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു കോഴ്‌സിനും സംവരണം പാടില്ല എന്നതാണ് നയമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഎസ്‌സി പ്രോഗ്രാമിലേക്കുള്ള പ്രവേശന പ്രക്രിയ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ജാമിഅയ്ക്ക് പകരം ഡിയു വഴിയാണ് പ്രവേശനം നേടിയിരിക്കുന്നത്. അതിനാല്‍ സ്വാഭാവികമായും ഡിയുവിൽ മാത്രം പിന്തുടരുന്ന സംവരണ നയം പിന്തുടരണമെന്നും സിഐസി ഉദ്യോഗസ്ഥന്‍ പറയുന്നു.