ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണം; സ്പെഡെക്സ് വിക്ഷേപണം ഇന്ന്
ദൗത്യം വിജയകരമായി പൂർത്തിയായാൽ, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ബംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായി സ്പെഡെക്സ് വിക്ഷേപണം ഇന്ന് രാത്രി പത്ത് മണിക്ക് നടക്കും. നേരത്തെ 9.58ന് വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പിഎസ്എൽവി റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിക്കുക. ബഹിരാകാശത്ത് വിത്തd മുളപ്പിക്കാനുള്ള പരീക്ഷണങ്ങളും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്.
ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങൾക്കുള്ള ആദ്യപടിയെന്ന് സ്പെഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. പിഎസ്എൽവി സി 60 എന്ന കോർ എലോൺ റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ കുതിക്കുക.
നിശ്ചിത ഭ്രമണപാതയിൽ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും. പത്തു പരീക്ഷണ പേലോഡുകൾ ഐഎസ്ആർഐയും, ബാക്കിയുള്ളവ സ്വകാര്യ ഏജൻസികളും നിർമ്മിച്ചതാണ്. കൃത്രിമ യന്ത്രകൈ ഉപയോഗിച്ച് ബഹിരാകാശത്ത് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സാധ്യതയും പരീക്ഷിക്കും.
ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂൾ വികസിപ്പിച്ചത് വിക്രം സാരാഭായി സ്പേസ് സെന്റർ ആണ്. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റൽ മൊഡ്യൂൾ ഇൻ സ്പെയ്സിലാണ് (APEMS) ആണ് വിത്തിന്റെ പരീക്ഷണം നടത്തുക. ദൗത്യം വിജയകരമായി പൂർത്തിയായാൽ, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.