ഡൽഹിയിൽ ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കേസുകളിൽ 15 ശതമാനം വർധന

1100 കേസുകളിലായി 1264 പേരെ ഈ വർഷം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

Update: 2022-05-12 03:14 GMT
Advertising

ന്യൂഡല്‍ഹി: ഡൽഹിയിൽ ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഇതുവരെ 1100 കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അനധികൃതമായി ആയുധങ്ങൾ സൂക്ഷിക്കുന്നവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചതിനാലാണ് കേസുകളുടെ എണ്ണം വർധിച്ചതെന്നാണ് ഡൽഹി പൊലീസ് അവകാശപ്പെടുന്നത്.

അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചവരെയും ആയുധക്കടത്ത് നടത്തിയവരെയും കണ്ടെത്താനാണ് ഡൽഹി പൊലീസ് കർമ്മ പദ്ധതി തയ്യാറാക്കിയത്. ഖാർഗാവ്, ധാർ, സെന്ധ്വാ, ബദ് വാനി, ബുർഹാൻപൂർ എന്നിവിടങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് ആയുധങ്ങൾ എത്തുന്നു എന്നതാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ.

ഏപ്രിൽ 15 വരെയുള്ള ഒരു വർഷത്തെ കണക്ക് പ്രകാരം 15% കേസുകളാണ് ഈ വിഭാഗത്തിൽ അധികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1100 കേസുകളിലായി 1264 പേരെ ഈ വർഷം ഇത് വരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 15 വരെയുള്ള കണക്കുകൾ പ്രകാരം 951 കേസുകളിലായി 1099 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിച്ചെടുത്ത ആയുധങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ട്. 400 തോക്കുകൾ, 700 വെടിയുണ്ടകൾ, 614 മൂർച്ചയേറിയ ആയുധങ്ങൾ എന്നിവയാണ് ഈ വർഷം പിടിച്ചെടുത്തത്.

പശ്ചിമ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതൽ എങ്കിലും ചൈനീസ് നിർമിത കൈത്തൊക്കുകൾ വരെ കൂട്ടത്തിൽ ഉണ്ട്. സംസ്ഥാന അതിർത്തികൾ കടന്ന് ഇത്രയും ആയുധങ്ങൾ രാജ്യ തലസ്ഥാനത്ത് എത്തിയത് വലിയ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഡൽഹി പൊലീസ് ആയുധ വേട്ടയ്ക്ക് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് അധികൃതരുടെ വാദം. അത് കൊണ്ടാണ് കേസുകളുടെ എണ്ണം വർധിക്കുന്നത് എന്നും പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News