അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും മുംബൈയിൽ; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച

അരവിന്ദ് കെജ്രിവാളിനെയും ഭഗവന്ത് മാനിനെയും താക്കറെ തന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചതായി എഎപി വൃത്തങ്ങൾ അറിയിച്ചു

Update: 2023-02-24 14:49 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിൽ സന്ദർശിക്കും. അരവിന്ദ് കെജ്രിവാളിനെയും ഭഗവന്ത് മാനിനെയും താക്കറെ തന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചതായി എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30ന് താക്കറെയുടെ വസതിയിൽ യോഗം ചേരുമെന്നാണ് വിവരം.

അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും മുംബൈയിലെത്തിയിട്ടുണ്ട്. ഏക്‌നാഥ് ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ അടിമയാണെന്ന് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തിയിരുന്നു. നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ച് പാവ പോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്ന് ഉദ്ധവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന ആരോപിച്ചു.

'ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്, എം.എൽ.എമാരുടെയും എം.പിമാരുടെയും അംഗബലം അനുസരിച്ചാണ് പാർട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കിൽ കുറച്ച് ആളുകളെ വിലയ്ക്ക് വാങ്ങി ഏത് പണക്കാരനും പാർട്ടി പിടിക്കാം, രാജ്യദ്രോഹികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പാരിതോഷികം നൽകി '- ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. കള്ളന്മാർ ഇന്ന് ആഘോഷിക്കുകയാണ്. എന്നാൽ കള്ളൻ കള്ളൻ തന്നെ. മഹാരാഷ്ട്രയിലെ ജനങ്ങൾ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവസേനയുടെ യഥാർത്ഥ ചിഹ്നം ഷിൻഡെ വിഭാഗത്തിന് വിട്ടുനൽകാൻ ആരുടെ സമ്മർദമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ ചോദിച്ചു. എന്നാൽ കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് എൻ.സി.പി മുതിർന്ന നേതാവ് ശരദ് പവാർ ഉദ്ധവിനെ ഉപദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വലിയ സ്വാധീനം ചെലുത്തില്ലെന്നും ഉദ്ധവിന്റെ പാർട്ടിയുടെ പുതിയ ചിഹ്നം ജനങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. തീരുമാനമെടുത്താൽ പിന്നെ ചർച്ച പാടില്ല. അത് സ്വീകരിച്ച് പുതിയ ചിഹ്നം എടുക്കുക. ആളുകൾ പുതിയ ചിഹ്നം അംഗീകരിക്കുമെന്നതിനാൽ ഇത് വലിയ സ്വാധീനം ചെലുത്താൻ പോകുന്നില്ല, ഇന്ദിരാഗാന്ധിയും ഈ സാഹചര്യം നേരിട്ടതായി ഞാൻ ഓർക്കുന്നു, കോൺഗ്രസിന് പൂട്ടിയ കാള ചിഹ്നം ഉണ്ടായിരുന്നു, പിന്നീട് അത് നഷ്ടപ്പെടുകയും പുതിയ ചിഹ്നമായി കൈപ്പത്തി സ്വീകരിക്കുകയും ആളുകൾ അത് അംഗീകരിക്കുകയും ചെയ്തു. അതുപോലെ, ആളുകൾ ഉദ്ധവ് വിഭാഗത്തിന്റെ പുതിയ ചിഹ്നം സ്വീകരിക്കും'' - ശരദ് പവാർ കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News