ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ
മുസ്‌ലിം വ്യക്തിനിയമവും ഭരണഘടനയുടെ ആർട്ടിക്കൾ 25-ഉം വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
ഗുവാഹതി: ബഹുഭാര്യത്വം നിരോധിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിനകത്തെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.
1937-ലെ മുസ്‌ലിം പേഴ്‌സണൽ ലോ അടക്കം കമ്മിറ്റി വിശദമായി പരിശോധിക്കും. നിയമവിദഗ്ധരടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
The Assam Government has decided to form an expert committee to examine whether the state Legislature is empowered to prohibit polygamy in the state. The committee will examine the provisions of The Muslim Personal Law (Shariat) Act, 1937 read with Article 25 of the Constitution…
— Himanta Biswa Sarma (@himantabiswa) May 9, 2023
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷൻമാർ നാല് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രമാക്കി മാറ്റുന്നത് തടയാനും ഏക സിവിൽ കോഡ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി കർണാടകയിൽ പുറത്തിറക്കിയ പ്രകടനപത്രികയിലും പറഞ്ഞിരുന്നു.