യെദ്യൂരപ്പയുടെ കാല്‍ തൊട്ടുവന്ദിച്ച് ബസവരാജ് ബൊമ്മെ; കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ

Update: 2021-07-28 06:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍‌ മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞക്ക് മുന്‍പ് ബസവരാജ് യെദ്യൂരപ്പയുടെ കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടി. ''ഇന്ന് മന്ത്രിസഭാ യോഗം ചേരുമെന്നും അതിന് ശേഷം കോവിഡ് -19, സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം എന്നിവ അവലോകനം ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുന്‍പായി രാവിലെ ബസവരാജ് ബോമ്മൈ ബെംഗളൂരുവിലെ ഭഗവാൻ ശ്രീ മാരുതി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്നു. തുടർന്ന് ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകൻ ധർമേന്ദ്ര പ്രധാനെയും യെദ്യൂരപ്പയെയും സന്ദര്‍ശിച്ചിരുന്നു.

യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് യെദ്യൂരപ്പ തന്നെയായിരുന്നു. ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമായ ബൊമ്മെയെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുന്‍മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മയുടെ മകനാണ്. ജനതാദളില്‍ നിന്ന് 2008ലാണ് ബി.ജെ.പിയിലെത്തിയത്. ഹവേരി ജില്ലയിലെ ഷിഗാവോണിൽ നിന്ന് രണ്ടു തവണ എം‌എൽ‌സിയും മൂന്ന് തവണ എം‌എൽ‌എ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍  ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാര്‍ലമെന്‍റി കാര്യം, നിയമ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News