ബി.ബി.സിക്ക് നിരോധനമില്ല; ഹിന്ദുസേനയുടെ ഹരജി തള്ളി സുപ്രിംകോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തതോടെയാണ് വിഷ്ണു ഗുപ്ത ഹരജി സമർപ്പിച്ചത്

Update: 2023-02-10 12:31 GMT
Advertising

ന്യൂഡല്‍ഹി: ഇന്ത്യയിൽ ബി.ബി.സി ചാനൽ നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹരജി സുപ്രിംകോടതി തള്ളി.  ഹിന്ദുസേനാ അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹരജികളുമായി എത്തുന്നതെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് ചോദിച്ചു.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് വിമർശന വിധേയമായി സമീപിക്കുന്ന ഡോക്യൂമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ഡോക്യൂമെന്ററി തയ്യാറാക്കപ്പെട്ട സാഹചര്യം വിലയിരുത്തണമെന്ന് വിഷ്ണു ഗുപ്തയുടെ അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന ഹരജിയെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി വിഷ്ണുഗുപ്തയുടെ ആവശ്യം തള്ളിക്കളഞ്ഞത്. ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട മറ്റു ഹരജികളൊടൊപ്പം വിഷ്ണുഗുപ്തയുടെ ഹരജി കേൾക്കാൻ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. 

പക്ഷപാതപരമായിട്ടാണ് ബിബിസി പ്രവർത്തിക്കുന്നതെന്നും ഇന്ത്യയിൽ വിലക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തതോടെയാണ് വിഷ്ണുഗുപ്ത ഹരജി സമർപ്പിച്ചത്. ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബി.ബി.സി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.

'മോദി: ദി ഇന്ത്യ ക്വസ്റ്റ്യൻ' ഡോക്യുമെൻററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതിൽ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്. ഡോക്യുമെൻററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും യൂട്യൂബിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പൊപഗണ്ട എന്നാണ് കേന്ദ്രസർക്കാർ ഡോക്യുമെൻററിയെ വിലയിരുത്തിയത്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News