രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയിൽ
കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര മഹാരാഷ്ട്രയിലെത്തുന്നത്.
മുംബൈ: അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും. കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര മഹാരാഷ്ട്രയിലെത്തുന്നത്.
യാത്രയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സംസ്ഥാന അതിർത്തിയിൽവെച്ച് രാഹുൽ ഗാന്ധിയെ സ്വീകരിച്ചാനയിക്കും. ഇന്ന് വിശ്രമിച്ച ശേഷം നാളെ രാവിലെയാണ് യാത്ര ആരംഭിക്കുന്നത്.
14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര ഉണ്ടാവുക. ആറ് പാർലമെന്റ് മണ്ഡലങ്ങളും 15 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി 381 കിലോ മീറ്റർ സഞ്ചരിക്കും. രാവിലെ ആറു മുതൽ 10 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയും രണ്ട് ഘട്ടങ്ങളാണ് യാത്ര നടക്കുക.
രാഹുൽ ഗാന്ധി ഒരു ദിവസം 22-23 കിലോ മീറ്റർ നടക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തങ്ങൾ വേഗത്തിലുള്ള നടത്തം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ടെന്നും പടോലെ പറഞ്ഞു.