അദാനിക്ക് വൻ തിരിച്ചടി; ഓഹരിക്രമക്കേടിൽ അന്വേഷണം വേണമെന്ന് സുപ്രിംകോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് കോടതി നിർദേശിച്ചു.
ന്യൂഡൽഹി: ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് സുപ്രിംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യോട് കോടതി നിർദേശിച്ചു.
സ്റ്റോക്ക് മാർക്കറ്റിന്റെ റെഗുലേറ്ററി മെക്കാനിസത്തിന്റെ നിലവിലെ പ്രവർത്തനം അവലോകനം ചെയ്യാൻ മുൻ ജഡ്ജി എ.എം സപ്രെ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. ഒ.പി ഭട്ട്, ജസ്റ്റിസ് കെ.പി ദേവദത്ത്, കെ.വി കാമത്ത്, നന്ദൻ നിലേകനി, സോമശേഖർ സുന്ദരേശൻ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കമ്മിറ്റി അംഗങ്ങളായി നിയമിച്ചത്.
സമിതി സ്ഥിതിഗതികൾ മൊത്തത്തിൽ വിലയിരുത്തുകയും നിക്ഷേപകരെ ബോധവത്കരിക്കാനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുമെന്ന് സുപ്രിംകോടതി പറഞ്ഞു. അന്വേഷണത്തിനായി രൂപീകരിച്ച സമിതിയുമായി എല്ലാ വിധത്തിൽ സഹകരിക്കണമെന്ന് കേന്ദ്രത്തോടും സാമ്പത്തിക സ്ഥാപനങ്ങളോടും സെബി ചെയർപേഴ്‌സണോടും കോടതി നിർദേശിച്ചു.