അഗ്നിപഥ്: ബിഹാര്‍ എന്‍.ഡി.എയില്‍ ഭിന്നത
ബി.ജെ.പി കൂട്ടുകെട്ടിൽ ബിഹാർ ഭരിക്കുന്ന ജെ.ഡി.യുവും മുഖ്യമന്ത്രി നിതീഷ് കുമാറും പാലിക്കുന്ന മൗനമാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്
പറ്റ്ന: അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാറിലെ എൻ.ഡി.എ കൂട്ടുകെട്ടിൽ ഭിന്നത. ബി.ജെ.പി നേതാക്കൾ ആക്രമിക്കപ്പെടുമ്പോൾ സഖ്യകക്ഷി നേതൃത്വം നൽകുന്ന സർക്കാർ നിഷ്ക്രിയരായി പെരുമാറുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. അതേസമയം ബിഹാറിലെ ബി.ജെ.പി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ നൽകി.
ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രേണു ദേവിയുടെ വീടിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷനായ സഞ്ജയ് ജൈസ്വാളിന്‍റെ വീടിന് നേരെയും ആക്രമണം ഉണ്ടായത്. ബി.ജെ.പി കൂട്ടുകെട്ടിൽ ബിഹാർ ഭരിക്കുന്ന ജെ.ഡി.യുവും മുഖ്യമന്ത്രി നിതീഷ് കുമാറും പാലിക്കുന്ന മൗനമാണ് ജൈസ്വാളിനെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ നിരവധി ബി.ജെ.പി ഓഫീസുകൾ തകർക്കപ്പെട്ടിട്ടും സംസ്ഥാന പൊലീസ് തൃപ്തികരമായ നടപടി സ്വീകരിക്കുന്നില്ലെന്നും ജൈസ്വാൾ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾ ആക്രമിക്കപ്പെടുന്നതിന്‍റെ പശ്ചാലത്തിൽ കേന്ദ്രസർക്കാർ നേരിട്ടുതന്നെ നേതാക്കൾക്ക് സി.ആർ.പി.എഫ് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. 10ലധികം നേതാക്കൾക്ക് ആണ് കേന്ദ്ര സർക്കാരിന്‍റെ സുരക്ഷ.
243 അംഗ സംസ്ഥാന നിയമസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ പിണക്കാൻ കഴിയാത്ത അവസ്ഥയാണ് ജെ.ഡി.യുവിന് ഉള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളിൽ പ്രതിഷേധക്കാർക്ക് എതിരെയുള്ള പൊലീസ് നടപടി കടുപ്പിക്കുകയാണ് നിതീഷ് കുമാർ സർക്കാർ. 120 എഫ്ഐആറുകൾ പ്രകാരം 620 പേരെയാണ് ബിഹാറിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 140 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.