ബിഹാർ മദ്യദുരന്തം; മരിച്ചത് 38 പേരെന്ന് സർക്കാർ, യാഥാർത്ഥ കണക്ക് മറച്ചുവെക്കുന്നു എന്ന് ബിജെപി
അനൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം എഴുപതിൽ കൂടുതൽ ഉണ്ടെന്നിരിക്കെയാണ് സർക്കാർ കണക്കുകളിൽ ഈ വ്യത്യാസം
ന്യൂഡല്‍ഹി: ദുരന്തം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും ബിഹാറിൽ രാഷ്ട്രീയ തർക്കം അവസാനിച്ചിട്ടില്ല. നിതീഷ് കുമാർ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ബിജെപി ആരോപണങ്ങൾ കടുപ്പിക്കുകയാണ്. യഥാർത്ഥ മരണനിരക്ക് പുറത്ത് വിടാൻ ജെഡിയു-ആർജെഡി സർക്കാർ തയ്യാറാകുന്നില്ല എന്ന് മുൻ ബിഹാർ ഉപ മുഖ്യമന്ത്രി സുശീൽ മോദി ആരോപിച്ചു. ചികിത്സയിൽ കഴിയുന്ന പലരും തങ്ങളുടെ അവസ്ഥ പുറത്ത് പറയാത്തത് പൊലീസിനെ ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു.
മരണ സംഖ്യ നൂറിന് മുകളിലാണെന്നാണ് ബിജെപിയുടെ വാദം. എന്നാൽ ബിഹാർ എക്‌സൈസ് മന്ത്രി സുനിൽ കുമാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 38 മാത്രമാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം എഴുപതിൽ കൂടുതൽ ഉണ്ടെന്നിരിക്കെയാണ് സർക്കാർ കണക്കുകളിൽ ഈ വ്യത്യാസം. എന്നാൽ മുൻപ് ജെഡിയുവിനൊപ്പം ബിഹാർ ഭരിച്ച ബിജെപി മദ്യ നിരോധനം പൂർണമായും നടപ്പാക്കാൻ എന്ത് ചെയ്തു എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന ബിജെപിക്ക് ജനങ്ങളോട് പ്രതിബദ്ധത ഇല്ലെന്നും ഉപ മുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് കുറ്റപ്പെടുത്തി.