കോൺഗ്രസ് തുറന്നത് അഴിമതിയുടെ കട; ഭാരത് ജോഡോ ഇന്ത്യയിലെ കള്ളന്മാരെ ഒന്നിപ്പിക്കാനുള്ള യാത്രയെന്ന് ബിജെപി

ധീരജ് സാഹുവിന്റെ ഓഫീസ് അടക്കം 25 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പല ബാങ്കുകളിൽ പോലുമില്ലാത്തത്ര തുക പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ

Update: 2023-12-09 10:58 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ എംപി ധീരജ് സാഹുവിന്റെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയുടെ ദേശീയ വിവര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ രംഗത്തെത്തി. 

"രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഇന്ത്യയിലെ കള്ളന്മാരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു യാത്രയായിരുന്നു. കോൺഗ്രസാണ് അഴിമതിയുടെ കേന്ദ്രം (#CorruptionKiDukan). ഝാർഖണ്ഡിലെ കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഏകദേശം 300 കോടി രൂപ ഇതിന്റെ തെളിവാണ്": അമിത് മാളവ്യ എക്‌സിൽ കുറിച്ചു. 

ഇന്ന് അന്താരാഷ്ട്ര അഴിമതി ദിനമാണ്. ഇന്ന് #CorruptionKiDukan-ന്റെ ഉടമയുടെ ജന്മദിനം കൂടിയാണ് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും അമിത് മാളവ്യ മറ്റൊരു പോസ്റ്റിൽ കുറിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം മുന്നൂറ് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ധീരജ് സാഹുവുമായി ബന്ധമുള്ള ഒഡീഷ ആസ്ഥാനമായുള്ള മദ്യനിർമാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിലടക്കം റെയ്ഡ് നടന്നു. ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ധീരജ് സാഹുവിന്റെ മകൻ റിതേഷ് സാഹുവാണ്. എംപിയുടെ ജ്യേഷ്ഠൻ ഉദയ് ശങ്കർ പ്രസാദ് കമ്പനിയുടെ ചെയർമാനും കൂടിയാണ്. 

മറ്റ് ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും കോൺഗ്രസിനെ കടന്നാക്രമിക്കാൻ രംഗത്തുണ്ട്. 'പാർട്ടിയുടെ ഒരു എംപിയുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നിരിക്കുന്നത്. കോൺഗ്രസ് ഇതിന് ഉത്തരം പറയണം. ഈ കള്ളപ്പണം ആരുടേതാണെന്ന് വെളിപ്പെടുത്തണം. ആശങ്ക ഉയർത്തുന്ന കാര്യമാണിത്': കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. 

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും എപ്പോഴും നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്നത് എന്തിനാണ് എന്നതാണ് ഏറ്റവും വലിയ ചോദ്യം. കോൺഗ്രസ് ഉള്ളിടത്തെല്ലാം അഴിമതിയുണ്ട്. അതുകൊണ്ടാണ് ഇഡിയെയും സിബിഐയെയും കോൺഗ്രസ് നിരന്തരം ചോദ്യം ചെയ്യുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ പറഞ്ഞു. 

ധീരജ് സാഹുവിന്റെ ഓഫീസ് അടക്കം 25 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പല ബാങ്കുകളിൽ പോലുമില്ലാത്തത്ര തുക പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 290 കോടി പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടെങ്കിലും സംഖ്യ ഇനിയും ഉയർന്നേക്കാം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News