ഹിമാചൽ പ്രദേശ് സർക്കാരിനെ പുറത്താക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു
രാജ്യസഭയിലേക്കുള്ള നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് കാരണമായി ചൂണ്ടികാട്ടുന്നത്
ന്യൂഡൽഹി: ഹിമാചൽ നിയമസഭയിൽ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. രാജ്യസഭയിലേക്കുള്ള നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് കാരണമായി ചൂണ്ടികാട്ടുന്നത്. സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി ഗവർണറെ ധരിപ്പിക്കും
40 എം എൽ എ മാർ ഉണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‍വി വോട്ടെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. 25 എം എൽ എ മാർ മാത്രമുള്ള ബിജെപിയാണ് ആറ് കോൺഗ്രസ് എം എൽ എ മാരുടെയും 3 സ്വതന്ത്രരുടെയും പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർഥിയെ പിടിച്ചു കെട്ടിയത്.
ബജറ്റ് ശബ്ദവോട്ടിലൂടെ പാസാക്കാൻ അനുവദിക്കരുത് എന്നാണ് ബിജെപിയുടെ ആവശ്യം. രാജ്യസഭയിലെ വോട്ട് എണ്ണം 34-34 എന്നനിലയിൽ എത്തിയപ്പോൾ തന്നെ ഭൂരിപക്ഷം നഷ്ടമാണെന്ന് വ്യക്തമായി. സുഖു സർക്കാരിനെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഗവർണറെ കാണാൻ പ്രതിപക്ഷ നേതാവ് ജയ്രാം താക്കൂർ സമയം തേടിയിട്ടുണ്ട്. ബജറ്റ് പാസാക്കുന്നതിനായി വോട്ടിങ്ങ് നടത്തിയാൽ ഭൂരിപക്ഷം ഇല്ലെന്നത് വ്യക്തമാകും എന്നാണ് ബിജെപിയുടെ വാദം.
മുൻ മന്ത്രികൂടിയായ മുൻ കോൺഗ്രസ് നേതാവിനെ ബിജെപി സ്ഥാനാർഥി ആക്കിയപ്പോഴും തന്ത്രപരമായി പിന്തുണ തേടുന്നതും തിരിച്ചറിയാൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ സംഘടനാ വീഴചയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ പോലും സംഘടന സംവിധാനം രാഹുൽ ഗാന്ധിയുടെ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് ഈ തിരിച്ചടിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്ത്യ മുന്നണിയിലെ സീറ്റ് ചർച്ചയിൽ പോലും കോൺഗ്രസിന്റെ ഹിമാചലിലെ പിടിപ്പുകേട് നിഴലിക്കും.