തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ എല്ലാ ഏജൻസികളും കേന്ദ്ര സർക്കാറിന്റെ വരുതിയിൽ; രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി

സ്ഥാപനങ്ങളെയും, പ്രസ്ഥാനങ്ങളെയും അവരുടെ സാമ്പത്തിക സ്രോതസുകളെയും ബിജെപി വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ്

Update: 2024-10-19 15:01 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ പേരിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള മുഴുവൻ കേന്ദ്ര ഏജൻസികളെയും നിയന്ത്രിക്കുന്നത് സർക്കാറാണെന്നാണ് രാഹുലിന്റെ ആരോപണം.

സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ സുപ്രധാന ഏജൻസികളുടെയും ചരടുവലിക്കുന്നത് സർക്കാറാണെന്നും അദ്ദേഹം ആരോപിച്ചു. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാഞ്ചിയിൽ നടന്ന 'സംവിധാൻ സമ്മാൻ സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

ഏജൻസികളെ കൂടാതെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയും, പ്രസ്ഥാനങ്ങളെയും അവരുടെ സാമ്പത്തിക സ്രോതസുകളെയും ബിജെപി വേട്ടയാടുകയാണെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പണമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ ബിജെപിയുടെ എല്ലാവരും ഭരണഘടനയെ ആക്രമിക്കുകയാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ ജാർഖണ്ഡ് സന്ദർശനമായിരുന്നു ഇത്. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.

തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 81-ൽ 70 സീറ്റുകളിലും കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) തമ്മിലുള്ള ചർച്ചകൾ പൂർത്തിയായി.

അവശേഷിക്കുന്ന സീറ്റുകളിലെ ചർച്ചകൾ ഉടൻ പൂർത്തിയാകും. ബിജെപി 68 സീറ്റുകളിലും എൻഡിഎ സഖ്യകക്ഷികളായ എജെഎസ്‌യു 10 സീറ്റുകളിലും ജെഡിയു രണ്ട് സീറ്റുകളിലും എൽജെപി (രാം വിലാസ്) ഒരു സീറ്റിലും മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News