മണിപ്പൂരിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ എം.എൽ.എയടക്കം നാല് നേതാക്കൾ കോൺഗ്രസിൽ ചേർന്നു
സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്
ന്യൂഡല്‍ഹി: മണിപ്പൂരിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എംഎൽഎ അടക്കം നാല് പേരാണ് കോൺഗ്രസിൽ ചേർന്നത്. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തിൽ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. മണിപ്പൂരിലെ കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയാണ് ഇവരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തോടെ വലിയ രീതിയിലുള്ള പ്രചാരണമാണ് കോൺഗ്രസ് മണിപ്പൂരിൽ നടത്തിവരുന്നത്. സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.