പ്രതിപക്ഷ സഖ്യത്തിന്റെ രണ്ട് യോഗങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മോദി ഭയപ്പെട്ടു തുടങ്ങി: നിതീഷ് കുമാർ
പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം അടക്കമുള്ള ചർച്ചകൾ വേഗത്തിലാക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
പട്‌ന: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യുടെ രണ്ട് യോഗങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രധാനമന്ത്രി ഭയപ്പെട്ടു തുടങ്ങിയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അവർ എന്തുമാത്രം ഭയപ്പെടുന്നുവെന്ന് ഇപ്പോൾ കാണാം. ഏതാനും മാസങ്ങളായി ഈ ഭയം അവർക്കുണ്ട്. പട്‌ന, ബംഗളൂരു യോഗങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സഖ്യത്തിന് പേര് കൂടി വന്നതോടെ ബി.ജെ.പി നേതാക്കൾ വലിയ ഭയപ്പാടിലാണ്. രാജ്യതാൽപര്യം പരിഗണിച്ചാണ് പ്രതിപക്ഷം നയങ്ങൾ രൂപീകരിക്കുകയെന്നും നിതീഷ് പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന്റെ 'ഇൻഡ്യ' എന്ന പേരിനെതിരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മുജാഹിദീനിലും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ഇന്ത്യയുണ്ടെന്നായിരുന്നു മോദിയുടെ പരിഹാസം.
പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം അടക്കമുള്ള ചർച്ചകൾ വേഗത്തിലാക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു. രണ്ട് മീറ്റിങ്ങുകളിൽ തങ്ങൾ ഒരുമിച്ചിരുന്നു. സഖ്യത്തിന് പേരിട്ടു, അതിന് അവർ എന്തിനാണ് ഇത്രമേൽ ആശങ്കപ്പെടുന്നതെന്നും നിതീഷ് ചോദിച്ചു.
മണിപ്പൂർ കലാപത്തിൽ മോദി മൗനം തുടരുന്നതിനെ നിതീഷ് കുമാർ വിമർശിച്ചു. വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.എ ഇപ്പോൾ ദുർബലമായ മുന്നണിയായി മാറിയെന്നും നിതീഷ് കുമാർ പറഞ്ഞു.
വാജ്‌പെയിയുടെ കാലത്താണ് എൻ.ഡി.എ രൂപീകരിച്ചത്. അന്ന് എൻ.ഡി.എ യോഗങ്ങൾ ഉണ്ടാവുമായിരുന്നു. അന്ന് തങ്ങളും എൻ.ഡി.എയുടെ ഭാഗമായിരുന്നു. 2017ൽ വീണ്ടും എൻ.ഡി.എക്കൊപ്പം ചേർന്നു, പക്ഷേ ഇപ്പോൾ യോഗങ്ങളൊന്നും ചേരാറില്ല. പട്‌നയിൽ പ്രതിപക്ഷം യോഗം ചേർന്നപ്പോൾ അവരും ഒരു യോഗം വിളിച്ചു. എന്നാൽ അതിൽ പങ്കെടുത്ത പാർട്ടികളെയോ നേതാക്കളെയോ ആർക്കുമറിയില്ല-നിതീഷ് കുമാർ പറഞ്ഞു.