കോൺഗ്രസ് എം.എൽ.എയെ ആജീവനാന്ത കാബിനറ്റ് പദവി നൽകി ആദരിച്ച് ബി.ജെ.പി സർക്കാർ
87 കാരനായ റാണെ ഗോവയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്
മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ്സിംഗ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നൽകി ആദരിച്ച് ബി.ജെ.പി സര്‍ക്കാര്‍. 87കാരനായ റാണെ ഗോവയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയിൽ നിയമസഭാ സാമാജികനായി 50 വർഷം പൂർത്തിയാക്കിയ നേതാവ് കൂടിയാണ് റാണെ. റാണെക്ക് സ്ഥിരം കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നിലവിൽ പൊരിയം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് റാണെ.
മുൻ സ്പീക്കർ കൂടിയായ റാണെയ്ക്കുള്ള ആദരമാണ് ഈ സ്ഥിരം കാബിനറ്റ് പദവി. മുഖ്യമന്ത്രിയോ സ്പീക്കറോ ആയിട്ടുള്ള, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന എം.എൽ.എമാർക്ക് ഇനി മുതൽ ഇത്തരത്തിൽ സ്ഥിരം കാബിനറ്റ് പദവി നൽകുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. റാണെ 1987-2007 കാലയളവിനിടയില്‍ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. റാണെയുടെ മകൻ വിശ്വജിത് റാണെ നിലവിൽ ബി.ജെ.പി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാണ്.
രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കിയ അച്ഛനെ ആദരിച്ചതിൽ ഗോവൻ സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് വിശ്വജിത് ട്വീറ്റ് ചെയ്തു. ഈ വർഷം ആദ്യം രാജ്യത്തെ മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഗോവയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നാടകീയ നീക്കം. പൊരിയം മണ്ഡലത്തിൽ അച്ഛനും മകനും നേർക്കുനേർ ഏറ്റുമുട്ടിയേക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.