'നുഴഞ്ഞുകയറ്റക്കാർ'; മുസ്‌ലിംകൾക്കെതിരെ വിദ്വേഷപ്രചാരണം ആവർത്തിച്ച് ബി.ജെ.പി വിഡിയോ

കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗാണ് തയ്യാറാക്കിയതെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്.

Update: 2024-05-02 05:18 GMT
Advertising

ഹൈദരാബാദ്: മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണവുമായി വീണ്ടും ബി.ജെ.പി. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന് അധിക്ഷേപിക്കുന്ന വിഡിയോ ആണ് പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ നേരത്തെ നടത്തിയ പരാമർശങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൻ പ്രതിഷേധം ഉയർന്നതോടെ വിഡിയോ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അനിമേറ്റഡ് ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിശേഷിപ്പിക്കുന്ന മോദി കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്വത്തുക്കൾ മുസ്‌ലിംകൾക്ക് നൽകുമെന്ന നുണപ്രചാരണവും വിഡിയോയിൽ ആവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 30നാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗാണ് തയ്യാറാക്കിയതെന്നാണ് വിഡിയോയിൽ ആരോപിക്കുന്നത്. ലീഗിന്റെ പതാക പുറംചട്ടയായ പ്രകടനപത്രികയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയാണ് വിഡിയോയിലുള്ളത്. കടുത്ത വിദ്വേഷ പ്രചാരണവും മുസ്‌ലിം അപരവൽക്കരണവും നടത്തുന്ന വിഡിയോക്ക് ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ലൈക്ക് ആണ് ലഭിച്ചത്.

കോൺഗ്രസ് ഒരു മുസ്‌ലിം പാർട്ടിയാണെന്ന് വരുത്തിത്തീർക്കാനാണ് വിഡിയോയിൽ ശ്രമിക്കുന്നത്. മുസ്‌ലിംകൾക്ക് അന്യായമായി ആനുകൂല്യങ്ങൾ നൽകുന്ന ദുഷിച്ച രീതി അവസാനിപ്പിക്കാൻ മോദിക്ക് മാത്രമേ കഴിയൂ...നിങ്ങൾ ഭാരതീയ സംസ്‌കാരത്തിൽ താൽപ്പര്യമുള്ളവരാണെങ്കിൽ പുറത്തുപോയി മോദിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News