ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ വ്യാജപ്രചാരണം; ബി.ജെ.പി നേതാവിനും രണ്ട് ഡോക്ടർമാർക്കും പൊലീസ് നോട്ടീസ്
കൊലയ്ക്കു പിന്നാലെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയും ജനരോഷം ആളിക്കത്താനിടയാക്കുകയും ചെയ്ത ഈ കിംവദന്തികൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് പറഞ്ഞു.
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഡോക്ടർമാർക്കും ബി.ജെ.പി വനിതാ നേതാവിനും പൊലീസ് നോട്ടീസ്. ബി.ജെ.പി നേതാവും മുൻ എം.പിയും നടിയുമായ ലോക്കെറ്റ് ചാറ്റർജി, ഡോക്ടർമാരായ കുനാൽ സർകാർ, സുബർണോ ഗോസ്വാമി എന്നിവർക്കാണ് പൊലീസ് സമൻസ് അയച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി ലാൽബസാറിലെ പൊലീസ് ആസ്ഥാനത്ത് ഹാജരാവണം എന്നാണ് നിർദേശം. ആഗസ്റ്റ് ഒമ്പതിന് ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനു വഴിവയ്ക്കുകയും ഇതിനിടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുകയുമായിരുന്നു.
കേസന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുമായും ബന്ധപ്പെട്ടാണ് ഡോക്ടർ ഗോസ്വാമി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് താൻ കണ്ടതായി വിവിധ മാധ്യമങ്ങളോട് ഡോ. ഗോസ്വാമി അവകാശപ്പെട്ടിരുന്നു. യുവതിയുടെ ശരീരത്തിൽ 150 ഗ്രാം ബീജത്തിൻ്റെ സാന്നിധ്യം, പെൽവിക് അസ്ഥി ഒടിഞ്ഞു, കൂട്ടബലാത്സംഗത്തിൻ്റെ തെളിവുകൾ എന്നിവയുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നതെന്നും ഡോക്ടർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഈ അവകാശവാദങ്ങൾ തള്ളിയ കൊൽക്കത്ത പൊലീസ്, അവ വ്യാജ വാദങ്ങളാണെന്നും വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത്തരം കണ്ടെത്തലുകളൊന്നുമില്ല. കൊലയ്ക്കു പിന്നാലെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയും ജനരോഷം ആളിക്കത്താനിടയാക്കുകയും ചെയ്ത ഈ കിംവദന്തികൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേരും ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവച്ച ലോക്കെറ്റ് ചാറ്റർജിയെ പൊലീസ് ചോദ്യം ചെയ്‌തേക്കും. ബി.ജെ.പി നേതാവിന്റെ നടപടി നിയമപ്രകാരം കുറ്റകരമാണ്. ഇരയുടെ ചിത്രം പങ്കുവച്ചതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും അന്വേഷണത്തെ സങ്കീർണമാക്കിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിനും ഇരയുടെ ഐഡൻ്റിറ്റി നിയമവിരുദ്ധമായി വെളിപ്പെടുത്തിയതിനും കൊൽക്കത്ത പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിനേക്കാൾ സോഷ്യൽമീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നതിനാണ് കൊൽക്കത്ത പൊലീസ് മുൻഗണന നൽകുന്നതെന്നായിരുന്നു സമൻസിനോടുള്ള ഇവരുടെ പ്രതികരണം.
അതേസമയം, വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യമൊട്ടാകെ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യതാ പശ്ചാത്തലത്തിൽ കൊൽക്കത്ത ആർ.ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധർണയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് നിർദേശം നൽകി. ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.
ബുധനാഴ്ച, ആർ.ജി കാറിലെ സമരപ്പന്തലും ആശുപത്രി കാമ്പസും ഒരുകൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ രാത്രി ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്.
ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പി.ജി ഡോക്ടറെ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിൽ സിവിക് വളണ്ടിയറായ സഞ്ജയ് റോയ് അറസ്റ്റിലായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സമഗ്രമായ നിയമപരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.