ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവിന് മർദനം; ഒരാൾ പിടിയിൽ
പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിലെ ടികംഗഡിൽ ദേശീയ വാർത്താ ചാനൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിനിടെ രണ്ടുപേർ പ്രാദേശിക ബി.ജെ.പി നേതാവിനെ ആക്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ചർച്ചയിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഉൾപ്പെടെ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. പ്രതികളായ ഹിമാൻഷു തിവാരിയും ബാബറും ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ആനന്ദ് രാജ് പറഞ്ഞു.
ബി.ജെ.പിയുടെ ജില്ലാ മീഡിയ സെൽ ഇൻ ചാർജ് പ്രഫുൽ ദ്വിവേദി ഇവരെ എതിർത്തു. ഇതോടെ ഇരുവരും ദ്വിവേദിക്ക് നേരെ കസേര വലിച്ചെറിയുകയായിരുന്നു. ദ്വിവേദിയെ സംരക്ഷിക്കാൻ ചില പ്രാദേശിക നേതാക്കൾ ഇടപെട്ടതോടെ സംഘർഷം ഉടലെടുത്തതായും പൊലീസ് പറഞ്ഞു.
ദ്വിവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ബാബറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ തിവാരിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പ്രതികൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ കാഴ്ചക്കാരായി വന്നതാണെന്നും ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് നവീൻ സാഹു വ്യക്തമാക്കി.