മന്ത്രിസ്ഥാനം കിട്ടിയില്ല; പൊതുപ്രവർത്തനം നിർത്തി രാജീവ് ചന്ദ്രശേഖർ
'തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അല്ല തീരുമാനം. പക്ഷേ അങ്ങനെ ആയി'- രാജീവ് ചന്ദ്രശേഖർ പറയുന്നു.
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. തോൽവിക്ക് പിന്നാലെയാണ്, 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അല്ല തീരുമാനം എന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. പക്ഷേ അങ്ങനെ ആയി. ഇതുവരെ പിന്തുണച്ച നേതാക്കൾക്ക് നന്ദിയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാം മോദി സർക്കാരിൽ മൂന്ന് വർഷം സേവനം ചെയ്യാൻ അവസരം ലഭിച്ചു. ഇനിയൊരു സാധാരണ ബിജെപി പ്രവർത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. അതേസമയം, മൂന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്ന് തൃശൂർ എം.പി സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. അതേസമയം, പ്രഖ്യാപനം വാർത്തയായതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു.