രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവി; ഭൂരിപക്ഷം നേടി വിജയിച്ച് കോൺഗ്രസ്
പതിനായിരത്തിലേറെ വോട്ടുകൾക്കാണ് സുരേന്ദർ പാൽ തോറ്റത്
ഡൽഹി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. കരൺപൂരിൽ ബിജെപി മന്ത്രി തോറ്റു. പതിനായിരത്തിലേറെ വോട്ടുകൾക്കാണ് സുരേന്ദർ പാൽ തോറ്റത്.
ഇക്കഴിഞ്ഞ രാജസ്ഥാൻ തെരഞ്ഞെടുപ്പിനൊപ്പം വോട്ടിങ് നടക്കേണ്ടതായിരുന്നു ഗംഗാനഗർ ജില്ലയിലെ കരൺപൂർ നിയമസഭാ മണ്ഡലത്തിലേക്കും. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായിരുന്ന ഗുർമീത് സിങ് കൂണാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂരിൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു.
മുൻ എംഎൽഎയുടെ മകനായ രൂപീന്ദര്‍ സിങ് കൂണാറിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരുന്നത്. രൂപീന്ദർ സിങ് ഭൂരിപക്ഷം നേടി വിജയിക്കുകയും ചെയ്തു. വിജയത്തിൽ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് രൂപീന്ദർ സിങ്ങിനെ അഭിനന്ദിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് കരണ്‍പൂരിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും അദ്ദേഹം പ്രതികരിച്ചു.