ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനെക്കാൾ 63 സീറ്റ് കുറഞ്ഞു; കോൺഗ്രസിനും എസ്.പിക്കും വൻ മുന്നേറ്റം

ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു.

Update: 2024-06-05 01:17 GMT
Advertising

ന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ 63 സീറ്റുകൾ കുറഞ്ഞു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂൽ കോൺഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് മേനി നടിക്കാൻ ബി.ജെ.പിക്കാവില്ല. 2019ൽ 303 സീറ്റുകൾ നേടിയ അവർക്ക് ഇത്തവണ ലഭിച്ചത് 240 മാത്രം. യു.പിയിലെ ഉറച്ച മണ്ണിൽ കാലിടറിയതാണ് ബി.ജെ.പിക്ക് വിനയായത്. കഴിഞ്ഞ തവണ വെറും 52 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ സെഞ്ചുറിക്കടുത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് സമാജ്‌വാദി പാർട്ടി നടത്തിയത്. യു.പിയിൽ 37 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2004 ൽ 35 സീറ്റ് നേടിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം. 29 സീറ്റ് നേടി തൃണമൂൽ കോൺഗ്രസും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ തവണത്തേതിലും ഏഴു സീറ്റ് അധികമാണിത്. തമിഴ്‌നാട്ടിൽ 22 സീറ്റ് നേടി ഡി.എം.കെ. പ്രകടനം ആവർത്തിച്ചു.

തെലുങ്ക് ദേശം പാർട്ടി 16ഉം ജെ.ഡി.യു 12ഉം സീറ്റുകളിലാണ് വിജയിച്ചത്. മഹാരാഷ്ട്രയിൽ ശിവസേനാ ഉദ്ധവ് വിഭാഗത്തിന് ഒമ്പത് സീറ്റും ഷിൻഡെ വിഭാഗത്തിന് ഏഴ് സീറ്റും ലഭിച്ചു. ശരത് പവാറിന്റെ എൻ.സി.പിക്ക് ഏഴ് സീറ്റ് കിട്ടിയപ്പോൾ ഒരു സീറ്റ് നേടാനേ അജിത് പവാറിന് സാധിച്ചുള്ളു.

പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും മത്സരിച്ച ആംആദ്മി പാർട്ടിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റാണ്. സി.പി.എം കഴിഞ്ഞ തവണത്തേതിൽനിന്ന് ഒന്നധികം നേടി സീറ്റ്‌നില നാലാക്കി. മുസ്‌ലിം ലീഗ് മൂന്നും സി.പി.ഐയും സി.പി.ഐ എം.എലും രണ്ടുവീതം സീറ്റുകളും നേടി. ബി.ആർ.എസ്., ബി.എസ്.പി ബി.ജെ.ഡി പാർട്ടികൾ സംപൂജ്യരായി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News