യു.പിയിൽ ബി.ജെ.പി എം.എൽ.എയെ നിലം തൊടാൻ അനുവദിച്ചില്ല; വന്ന കാറിൽ പറഞ്ഞുവിട്ട് ഗ്രാമീണർ
ഖതൗലി മണ്ഡലത്തിലെ എം.എല്‍.എ വിക്രം സിങ് സെയ്നിയെയാണ് വോട്ടര്‍മാര്‍ തിരിച്ചയച്ചത്
ഒന്നാംഘട്ട വോട്ടെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. പ്രചാരണത്തിനെത്തിയ ഒരു ബി.ജെ.പി എം.എല്‍.എയ്ക്ക് ജനരോഷം കാരണം തിരികെ പോകേണ്ടിവന്നു. ഖതൗലി മണ്ഡലത്തിലെ എം.എല്‍.എ വിക്രം സിങ് സെയ്നിയെയാണ് നിലംതൊടാന്‍ അനുവദിക്കാതെ വോട്ടര്‍മാര്‍ വന്ന കാറില്‍ തിരിച്ചയച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നാണ് സെയ്നി ജനവിധി തേടുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മനവ്വർപൂർ ഗ്രാമത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിക്രം സിങ്. സ്ത്രീകൾ അടക്കമുള്ളവരാണ് എംഎൽഎയോട് ഇവിടെയിറങ്ങേണ്ട, പോകൂ എന്നാവശ്യപ്പെട്ടത്. ഒരു കൂട്ടം ഗ്രാമീണര്‍ സെയ്നിയുടെ കാറിനെ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. എം.എൽ.എയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് അവര്‍ കാറിനു പിന്നാലെ ഓടിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ എം.എല്‍.എയ്ക്ക് യോഗത്തില്‍ പങ്കെടുക്കാതെ അവിടെ നിന്ന് പോകേണ്ടിവന്നു. സ്വന്തം വോട്ടര്‍മാരാല്‍ ആട്ടിയോടിക്കപ്പെട്ടപ്പോള്‍ എം.എല്‍.എ രോഷാകുലനായി. ഒടുവില്‍ കൈകള്‍ കൂപ്പി അദ്ദേഹം കാറില്‍ തിരികെപ്പോയി.
സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളാണ് പ്രതിഷേധത്തിന് ഒരു കാരണം. മാത്രമല്ല പലപ്പോഴും വര്‍ഗീയമായ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധിയും നേടിയിട്ടുണ്ട് എം.എല്‍.എ. ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുമെന്ന് സെയ്നി 2019ല്‍ പറഞ്ഞു. "നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു, അതായത് ഹിന്ദുക്കളുടെ രാഷ്ട്രം" എന്നും എം.എല്‍.എ ഒരിക്കല്‍ പറയുകയുണ്ടായി. പശുക്കളെ കൊല്ലുന്നവരുടെ കൈകാലുകൾ ഒടിക്കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. 2013ലെ മുസഫർ നഗർ കലാപത്തിൽ കുറ്റാരോപിതനായിരുന്നെങ്കിലും പിന്നീട് കോടതി വെറുതെ വിട്ടു.
ഖതൗലിയിൽ മാത്രമല്ല, ഛന്ദൗസി മണ്ഡലത്തിലും ബിജെപിക്കു നേരെ കടുത്ത ജനരോഷമുയരുന്നതായി എൻഡിടിവി ഹിന്ദി റിപ്പോർട്ടു ചെയ്യുന്നു. സിറ്റിങ് എംഎൽഎ ഗുലാബ് ദേവിക്ക് വീണ്ടും സീറ്റു നൽകിയതിൽ പ്രതിഷേധിച്ച് ഇരുനൂറോളം ബൂത്ത് പ്രസിഡന്‍റുമാരാണ് ഈയിടെ രാജിവച്ചത്. സംസ്ഥാന സെക്കൻഡറി വിദ്യാഭ്യാസ സഹമന്ത്രിയാണ് ഗുലാബ് ദേവി.
ഉത്തർപ്രദേശിലെ 403 സീറ്റിലേക്ക് ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 384 സീറ്റിൽ മത്സരിച്ച ബിജെപി 312 ഇടത്തും വിജയം കണ്ടിരുന്നു. ഇത്തവണ ഒബിസി നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക് ബിജെപിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
#BJP MLA and Candidate from western #UttarPradesh's Khatauli #VikramSaini chased away by villagers of his own constituency
— NDTV (@ndtv) January 20, 2022
NDTV's Saurabh Shukla reports pic.twitter.com/wUr0FDrOuW