ഖുർആനെ അവഹേളിച്ച കേസിൽ കുറ്റക്കാരൻ; ആം ആദ്മി എംഎൽഎക്കെതിരെ നടപടി വേണമെന്ന് ബിജെപി

അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

Update: 2024-12-03 17:08 GMT
Advertising

ന്യൂഡൽഹി: ഖുർആനെ അവഹേളിച്ച കേസിൽ കോടതി ശിക്ഷിച്ച ആം ആദ്മി പാർട്ടി എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അശോക റോഡിലെ വസതിക്ക് സമീപം ന്യൂനപക്ഷ മോർച്ച അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. ഖുർആൻ അവഹേളനക്കേസിൽ ശിക്ഷിക്കപ്പെട്ട മെഹ്‌റോലിയിൽ നിന്നുള്ള എംഎൽഎ നരേഷ് യാദവിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

2016ൽ പഞ്ചാബിലെ മലേർകോട്‌ലയിൽ റോഡരികിൽ ഖുർആനിൻ്റെ കീറിയ പേജുകൾ കണ്ടെത്തിയ സംഭവത്തിലാണ് ഇയാൾക്ക് രണ്ട് വർഷം ശിക്ഷ വിധിച്ചത്. ശത്രുത വളർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പർമീന്ദർ സിംഗ് ഗ്രെവാൾ യാദവിനെയും മറ്റ് മൂന്ന് പേരെയും ശിക്ഷിച്ചത്.

ഇതിന് പിന്നാലെയായിരുന്നു ഡൽഹിയിൽ ബിജെപി പ്രവർത്തകരുടെ പ്രകടനം. യാദവിനെതിരെ നടപടിയെടുക്കാത്ത ആപ്പ് നേതൃത്വത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദർ സച്ച്‌ദേവ കുറ്റപ്പെടുത്തി.

‘യാദവിനെ ശിക്ഷിച്ചിട്ടും കെജ്രിവാൾ എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് ഡൽഹിയിലെ മുസ്‍ലിംകൾ ചോദിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നും വിധാൻസഭയിൽനിന്നും പുറത്താക്കാത്തത്? ക്രിമിനൽ സംസ്കാരം വളർത്തിയെടുക്കുകയാണെന്ന് ആപ്പ്. ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ സാമൂഹിക ഘടനയെ നശിപ്പിക്കുന്നു. കെജ്‌രിവാളിൻ്റെ ഭരണം അഴിമതിയുടെയും കുറ്റവാളികളെ സംരക്ഷിക്കുന്നതിൻ്റെയും പര്യായമായി മാറി’ -വീരേന്ദർ സച്ച്‌ദേവ പറഞ്ഞു.

2016 ജൂൺ 24ന് മലർകോട്‌ലയിലെ റോഡിൽനിന്ന് ഖുർആന്റെ കീറിയ പേജുകൾ കണ്ടെത്തിയതോടെയാണ് കേസ് ആരംഭിക്കുന്നത്. സംഭവം വലിയ സംഘർഷത്തിലേക്ക് വഴിവെച്ചു. ആദ്യഘട്ടത്തിൽ ഗൗരവ് കുമാർ, സഹോദരങ്ങളായ വിജയ് കുമാർ, നന്ദ് കിഷോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ നൽകിയ മൊഴിയിലാണ് നരേഷ് യാദവിന്റെ പേര് പുറത്തുവരുന്നത്.

2021ൽ ഇദ്ദേഹത്തെ കേസിൽ വെറുതെവിട്ടെങ്കിലും പരാതിക്കാരനായ മുഹമ്മദ് അഷ്‌റഫിൻ്റെ അപ്പീലിനെ തുടർന്ന് കോടതി കുറ്റവിമുക്തനാക്കിയത് റദ്ദാക്കി. ഇതോടെയാണ് എംഎൽഎയെ ശിക്ഷിച്ചത്. വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കുറ്റം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News