ഡൽഹിയിൽ ബുർഖയും മാസ്കും ധരിച്ച വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകി

Update: 2024-05-23 06:29 GMT
Advertising

ന്യൂഡൽഹി: ബുർഖയും മാസ്കും ധരിച്ച് വരുന്ന വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന ആവശ്യവുമായി ഡൽഹി ബി.ജെ.പി. ഇതുസംബന്ധിച്ച് ബി.ജെ.പി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകി.

മെയ് 25ന് വോട്ടെടുപ്പ് നടക്കു​മ്പോൾ ബുർഖയും മാസ്ക്കും ധരിച്ചവരെ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് ആവശ്യം. ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമൂഹിക വിരുദ്ധരും ജനാധിപത്യവിരുദ്ധരും കൃത്രിം കാണിക്കുന്നതിൽ നിന്ന് പരിശോധനാ നടപടി തടയുമെന്നും ബി.ജെ.പി വ്യക്തമാക്കി.

ഹൈദരാബാദിലെ ​ബി.ജെ.പി സ്ഥാനാർഥി മാധവി ലത വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഡൽഹി ബി.ജെ.പി ഘടകം വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

ബുർഖയോ മാസ്കോ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ വനിതാ ഉദ്യോഗസ്ഥർ മുഖേന വിശദമായി പരിശോധിച്ചശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂവെന്ന് ഡൽഹി ബി.ജെ.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി എം.എൽ.എമാരായ അജയ് മഹാവാർ, മോഹൻ സിങ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷൻ ശർമ, അഭിഭാഷകൻ നീരജ് ഗുപ്ത എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

പൊതുതാൽപ്പര്യം കണക്കിലെടുത്താണ് ഈ നടപടി ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ബുർഖ ധരിച്ച സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലുള്ള പാർലമെന്റ് മണ്ഡലങ്ങളിൽ. ബുർഖ ധരിച്ച ധാരാളം സ്ത്രീകൾ വോട്ടുചെയ്യാൻ പോളിങ് ബൂത്തുകളിൽ എത്തുന്നുണ്ട്. അതിനാൽ കള്ളവോട്ട് തടയാൻ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News