ബി.ജെ.പിയുടെ '400 പ്ലസ്' സിനിമ വോട്ടെടുപ്പിന്റെ ആദ്യ ദിനം തന്നെ പരാജയപ്പെട്ടു: തേജസ്വി യാദവ്

ബി.ജെ.പിയുടെ വ്യാജവാ​ഗ്ദാനങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ഇത്തവണ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

Update: 2024-04-20 07:01 GMT
Advertising

പട്‌ന: 400ൽ കൂടുതൽ സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം വോട്ടെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ പരാജയപ്പെട്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാറിൽ ആദ്യഘട്ട പോളിങ് നടന്ന നാല് സീറ്റിലും മഹാഗണബന്ധൻ വിജയിക്കും. ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ മീറ്റിങ്ങിൽ മികച്ച ഫീഡ് ബാക്ക് ആണ് ലഭിച്ചത്. ബി.ജെ.പിയുടെ '400 പ്ലസ്' സിനിമ ആദ്യദിന പോളിങ്ങിൽ തന്നെ വലിയ പരാജയമാണ്. ബിഹാറിലെ ജനങ്ങൾ ബോധവാൻമാരാണെന്നും അവർ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ആദ്യഘട്ടത്തിൽ ഒരു മത്സരവുമില്ലായിരുന്നു. ഇത്തവണ ബിഹാറിൽ ഞെട്ടിക്കുന്ന ഫലം പുറത്തുവരുമെന്ന് ഞങ്ങൾ നേരത്തെ നിരവധി തവണ പറഞ്ഞിരുന്നു. 2014ലും 2019ലും മോദി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. അവരുടെ പ്രസ്താവനകളും വ്യാജ വാഗ്ദാനങ്ങളും കേട്ട് ജനങ്ങൾ മടുത്തിരിക്കുകയാണ്. ബിഹാറിന് പ്രത്യേക പദവിയും പ്രത്യേക പാക്കേജും നൽകുമെന്നാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

മഹാഗണബന്ധനും ഇൻഡ്യാ മുന്നണിയും ബിഹാറിൽ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. തൊഴിലില്ലായ്മയാണ് ബിഹാറിലെ ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ പണപ്പെരുപ്പം, ദാരിദ്ര്യം, നിക്ഷേപം എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. ഇത്തവണ ബി.ജെ.പി വളരെ അസ്വസ്ഥരാണ്. ഭരണഘടനയെ ഇല്ലാതാക്കുമെന്നാണ് അവർ പറയുന്നത്. ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സ്വയം നശിക്കുമെന്നും തേജസ്വി പറഞ്ഞു.

ജാമുയ്, നവാദ, ഗയ, ഓറംഗാബാദ് എന്നീ നാല് മണ്ഡലങ്ങളിലാണ് ബിഹാറിൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 48.88 ശതമാനമാണ് പോളിങ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ആകെയുള്ള 40 സീറ്റിൽ 39ഉം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യമാണ് നേടിയിരുന്നു. മഹാഗണബന്ധന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News