കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നേതൃമാറ്റ സൂചന നൽകി ബി.ജെ.പി ദേശീയ നേതൃത്വം
മൂന്ന് സംസ്ഥാനങ്ങളിൽ കൂടി നേതൃമാറ്റം നടത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കം
ഡല്‍ഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നേതൃമാറ്റ സൂചന നൽകി ബി.ജെ.പി ദേശീയ നേതൃത്വം. മൂന്ന് സംസ്ഥാനങ്ങളിൽ കൂടി നേതൃമാറ്റം നടത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കം.
എല്ലാ സീറ്റുകളിലേക്കും മതിയായ സ്ഥാനാർഥികൾ ഇല്ലാത്തത് മുതൽ പുതിയ തെലങ്കാന അധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയുടെ മുൻപിലുള്ള വെല്ലുവിളികൾ നിരവധി ആണ്. പാർട്ടി മതിയായ അവസരം നൽകുന്നില്ലെന്ന് ആരോപിച്ച എം.എൽ.എ രഘുനന്ദൻ റാവു മുതൽ സ്ഥാന ചലനം സംഭവിച്ച ബണ്ടി സഞ്ജയെ ഉൾപ്പടെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാതെ തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പിക്ക് കഴിയില്ല. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ പാർട്ടി നേതൃത്വത്തിൻ്റെ നടപടിയെ ഭീകര അബദ്ധമെന്ന് വിശേഷിപ്പിച്ച് ബണ്ടി സഞ്ജയിന്‍റെ അനുയായികൾ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിൻ്റെ കാര്യത്തിലും ബി.ജെ.പി കേന്ദ്ര നേതൃത്വം തൃപ്തരല്ല. ഒന്നിലേറെ അവസരങ്ങൾ ലഭിച്ചിട്ടും സംസ്ഥാനത്ത് പാർട്ടിക്ക് ശക്തി വർധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനമാണ് സംസ്ഥാന ഘടകത്തിന് എതിരെ ഉയരുന്നത്.
10 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവസരം നൽകി നിലവിലെ കേരള തമിഴ്നാട് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാനും നീക്കമുണ്ട്. മധ്യപ്രദേശ്, കർണാടക, ജമ്മു കശ്മീർ ബി.ജെ.പി നേതൃത്വങ്ങളിൽ കൂടി മാറ്റം പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന നടത്താൻ ആണ് കേന്ദ്ര സർക്കാർ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പി നിർണായക യോഗങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്. മൂന്ന് സോണുകളാക്കി തിരിച്ച് ഡൽഹി, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലായിരിക്കും ശനിയാഴ്ച വരെ നീളുന്ന യോഗങ്ങൾ നടക്കുക.