മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. മുൻ മന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇഡി അനുമതി നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്.ഗവർണർ വികെ സക്‌സേന അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രാലയത്തിൻ്റെ തീരുമാനം. ഡല്‍ഹി തെരഞ്ഞെുടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഎപി നേതാക്കള്‍ മുഴുകിയിരിക്കെയാണ് കേസില്‍ വിചാരണ തുടങ്ങാനൊരുങ്ങുന്നതും. ഫലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കും.
പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഇഡി മുൻകൂർ അനുമതി വാങ്ങണമെന്ന് കഴിഞ്ഞ നവംബറിലെ ഉത്തരവിൽ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണ ഏജൻസി വി.കെ സക്‌സേനയ്ക്ക് കത്തെഴുതി. അഴിമതിയുടെ കേന്ദ്രവും പ്രധാന സൂത്രധാരനും കെജ്‌രിവാൾ ആയതിനാൽ അനുമതി നൽകണമെന്നാണ് ഇഡി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.
2021-22ലെ ഡൽഹി മദ്യ നയം രൂപീകരിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്നാണ് കെജ്‌രിവാളിനെതിരായ കേസ്. കെജ്‌രിവാളും മറ്റ് എഎപി നേതാക്കളും ചേർന്ന് മദ്യലോബികളിൽ നിന്ന് പണം സ്വീകരിക്കുന്നതിനായി നയത്തിൽ ബോധപൂർവം പഴുതുകൾ സൃഷ്ടിച്ചുവെന്നാണ് ആരോപണം.
2024 മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി ആദ്യം അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ അറസ്റ്റ്. പിന്നാലെ അഴിമതിക്കേസിൽ 2024 ജൂൺ 26ന് സിബിഐയും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. 2024 സെപ്റ്റംബറിൽ സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മുതിർന്ന എഎപി നേതാവ് അതിഷിക്കാണ് പകരം ചുമതല നല്‍കിയത്.