'അസാധ്യമായത് ഒന്നുമില്ല': ബിഹാറിൽ മഹാസഖ്യത്തിലേക്ക് നിതീഷ് കുമാർ തിരിച്ചുവരുമോ? ലാലുവിന്റെ മകൾ മിസ ഭാരതി പറയുന്നത്...
''ഞങ്ങൾക്ക് കുടുംബാംഗത്തെപ്പോലെയാണ് നിതീഷ് കുമാർ, രാഷ്ട്രീയത്തിൽ മിത്രങ്ങളോ ശത്രുക്കളോ ഇല്ല''
പറ്റ്ന: ബിഹാറില്‍ മഹാസഖ്യത്തിലേക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രതികരണവുമായി ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എംപിയുമായ മിസ ഭാരതി. മകരസംക്രാന്തി ദിനത്തിലായിരുന്നു പാടലീപുത്ര എംപിയായ മിസ ഭാരതിയുടെ പ്രസ്താവന.
നിതീഷ് കുമാറിന് മുന്നില്‍ വാതിലുകള്‍ അടച്ചിട്ടില്ലെന്നും തുറന്നിരിക്കുകയാണെന്നും മിസ ഭാരതി പറഞ്ഞു. നിതീഷ് കുമാർ മഹാസഖ്യത്തിൽ വീണ്ടും ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്നായിരുന്നു മിസ ഭാരതിയുടെ പ്രതികരണം. ഇപ്പോൾ വിഷയത്തില്‍ എന്തെങ്കിലും പ്രതികരണം നടത്താനുള്ള സമയമായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. മംഗള കർമ്മങ്ങൾ ആരംഭിക്കുന്നത് കർമ്മങ്ങൾക്ക് ശേഷം മാത്രമാണെന്നും മിസ കൂട്ടിച്ചേര്‍ത്തു.
''ഞങ്ങൾക്ക് കുടുംബാംഗത്തെപ്പോലെയാണ് നിതീഷ് കുമാർ, രാഷ്ട്രീയത്തിൽ മിത്രങ്ങളോ ശത്രുക്കളോ ഇല്ല. രാഷ്ട്രീയമായി രണ്ടുചേരിയിലാണെങ്കിലും ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഇപ്പോഴും മികച്ച ബന്ധമാണ്. മൂത്ത സഹോദരന്മാരെപ്പോലെയാണ് അവര്‍. എനിക്ക് പ്രധാനമന്ത്രി മോദിയുമായോ അമിത് ഷായുമായോ ശത്രുതയില്ല, പിന്നെ എന്തിന് നിതീഷ് കുമാറുമായി ശത്രുത പുലർത്തണം''- മിസ പറഞ്ഞു.
അതേസമയം മിസ ഭാരതിയുടെ പ്രതികരണം ബിഹാര്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയായി. മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡിയും വീണ്ടും ഒന്നിച്ചേക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷരും ഉറ്റുനോക്കുന്നത്. ഈ വർഷം അവസാനത്തോടെയാകും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. ബിഹാറില്‍ ആര്‍ജെഡി-ജെഡിയു സഖ്യം വീണ്ടും വരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിന് മുമ്പും പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തള്ളുന്ന നിലപാടാണ് നിതീഷ് കുമാര്‍ സ്വീകരിച്ചത്.