സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെന്റ് ഫലം തിരുത്താൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈകോടതി
വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് മാർക്ക് തിരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി
ന്യൂഡൽഹി: സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെന്റ് ഫലം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ തിരുത്താൻ സ്കൂളുകളെ അനുവദിക്കില്ലെന്ന് ഡൽഹി ഹൈകോടതി.അപ് ലോഡ് ചെയ്ത് കഴിഞ്ഞാൽ പിന്നെ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും അനുവദിക്കാനാകില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
സിബിഎസ്ഇ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് തെറ്റായാണ് അപ്‌ലോഡ് ചെയ്തതെന്നും അത് തിരുത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നടപടി.
മസ്‌കത്തിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്‌ത ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ സോഷ്യൽ ഇൻറേണൽ അസസ്‌മെന്റ് മാർക്ക് 18 ൽ നിന്ന് 20 ആക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാർക്ക് തിരുത്താൻ അനുവദിക്കുന്നത് ശരിയായ പ്രവണതയല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഏഴ് വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് തെറ്റായാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്നും അതിനാൽ അവ തിരുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ സി.ബി.എസ്.ഇയെ സമീപിച്ചു. അപ്‌ലോഡ് ചെയ്ത മാർക്ക് 20 ൽ 18 എന്നത് തിരുത്തി 20-ൽ 20 എന്നാക്കണമെന്നായിരുന്നു ആവശ്യം.
ഇന്റേണൽ മൂല്യനിർണ്ണയ മാർക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സിബിഎസ്ഇയുടെത്. ശരിയായ മാർക്കാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.ഹരജി തള്ളിയ കോടതി, പരാതിക്കാരിയോട് സഹതപിക്കുന്നുവെന്നും സഹായിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.