കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്; ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് അഭിലാഷ ബറാക്
2021-ന്റെ തുടക്കത്തിലാണ് സൈന്യം വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതുവരെ കരസേനാ ഏവിയേഷനിൽ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് നൽകിയിരുന്നത്
ഡൽഹി: ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബറാക്. നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ ഒരു വർഷം നീണ്ട കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് ക്യാപ്റ്റൻ അഭിലാഷ ബറാക് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന ആർമി ഏവിയേഷൻ സ്‌ക്വാഡ്രണിന്റെ രണ്ടാമത്തെ ഫ്ലൈറ്റിലേക്കാണ് ബറാക് ചുമതലയേറ്റത്. നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന ചടങ്ങിൽ അഭിലാഷ ബിരുദം ഏറ്റുവാങ്ങി.
2021-ന്റെ തുടക്കത്തിലാണ് സൈന്യം വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതുവരെ കരസേനാ ഏവിയേഷനിൽ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസർമാർക്ക് നൽകിയിരുന്നത്.
ഹരിയാന സ്വദേശിയായ അഭിലാഷ ബരാക്ക് റിട്ട. കേണലിന്റെ മകളാണ്. മിലിറ്ററി കന്റോൺമെന്റുകളിലാണ് വളർന്നതെന്നും അതുകൊണ്ട് സൈനിക ജീവിതം ഒരിക്കലും ആസാധാരണമായി തോന്നിയിരുന്നില്ലെന്ന് അഭിലാഷ പറഞ്ഞു. '2011 ൽ പിതാവ് മരണപ്പെട്ടതോടെ ജീവിതം മാറി.പിന്നീട് മൂത്ത സഹോദരൻ സൈനിക അക്കാദമിയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി. അവന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതോടെയാണ് ഞാനും സൈന്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് അഭിലാഷ പറഞ്ഞു.
2018 സെപ്റ്റംബറിലാണ് ആർമി എയർ ഡിഫൻസ് കോർപ്സിൽ അഭിലാഷ ചേർന്നത്. ഹിമാചൽ പ്രദേശിലെ സനാവർ ലോറൻസ് സ്‌കൂളിലെ പഠനത്തിന് ശേഷം ദില്ലി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബി ടെക്ക് ബിരുദം നേടിയിട്ടുണ്ട്. കുറച്ച് കാലം അമേരിക്കയിലും ജോലി ചെയ്തിട്ടുണ്ട്.