കന്നുകാലികളിലെ ത്വക്ക് രോഗം നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രവുമുണ്ടാകും; പ്രധാനമന്ത്രി
രോഗത്തിനുള്ള തദ്ദേശീയ വാക്‌സിനും ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുണ്ടെന്നും മോദി
നോയിഡ: കന്നുകാലികളിലെ ത്വക്ക് രോഗം നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രവും ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ എക്‌സ്‌പോ സെന്റർ & മാർട്ടിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ വേൾഡ് ഡയറി സമ്മിറ്റ് (ഐഡിഎഫ് ഡബ്ല്യുഡിഎസ്) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കന്നുകാലികളിൽ ലംപി സ്‌കിൻ ഡിസീസ് (എൽഎസ്ഡി) പിടിക്കുന്നുണ്ട്. ഈ രോഗം ക്ഷീരമേഖലയെ ആശങ്കപ്പെടുത്തുന്നതായും വലിയരീതിയിൽ നാശനഷ്ടമുണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു.
രോഗത്തിനുള്ള തദ്ദേശീയ വാക്‌സിനും ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഡാറ്റാബേസ് ഇന്ത്യ നിർമ്മിക്കുകയാണ്.'ആനിമൽ ബേസ്' പദ്ധതിക്ക് കീഴില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പാല്‍തരുന്ന മൃഗങ്ങളുടെ ബയോമെട്രിക് തിരിച്ചറിയൽ തയ്യാറാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കന്നുകാലികളെ ബാധിക്കുന്ന വൈറൽ രോഗമാണ് എൽഎസ്ഡി. പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത് കന്നുകാലികളെ മരണത്തിലേക്ക് നയിക്കും. കൊതുകുകൾ, ഈച്ചകൾ എന്നിവ വഴിയും കന്നുകാലികൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പടരുന്നത്.
13 ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച ആയിരക്കണക്കിന് കന്നുകാലികളെ കൊന്നൊടുക്കുകയും ചെയ്തു. ലക്ഷക്കണക്കിന് കർഷകരെ രോഗം ബാധിച്ചതായും കണക്കുകൾ പറയുന്നു. ഉദ്ഘാടന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി സഞ്ജീവ് ബല്യാൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.