'വ്യക്തമായ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ'; പുതിയ പാർട്ടി രൂപികരിക്കുമെന്ന സൂചനയുമായി ചംപയ് സോറൻ
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
റാഞ്ചി: സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ. തൻ്റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേ, സോറൻ തൻ്റെ മുന്നിലുള്ള മൂന്ന് സാധ്യതകളെ കുറിച്ച് സംസാരിച്ചു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക, പുതിയ പാർട്ടി രൂപീകരിക്കുക അല്ലെങ്കിൽ മറ്റൊരു പാർട്ടിയിൽ ചേരുക എന്നിവയാണത്.
എന്നാൽ, ഇത്തവണ താൻ വിരമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഒന്നുകിൽ ഒരു പുതിയ സംഘടന രൂപികരിക്കും അല്ലെങ്കിൽ വഴിയിൽ മറ്റൊരു സുഹൃത്തിന് പിന്തുണ നൽകും.'- സോറൻ പറഞ്ഞു. ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇന്നലെ മുതൽ സോറൻ്റെ നിരവധി അനുയായികൾ സറൈകേലയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ തടിച്ചുകൂടിയിട്ടുണ്ട്.
ആഗസ്ത് 18ന് അദ്ദേഹം ചില എം.എൽ.എമാർക്കൊപ്പം ഡൽഹി സന്ദർശനം നടത്തിയപ്പോഴാണ് പാർട്ടി മാറുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ ഉയർന്നത്. പാർട്ടിയിൽ അപമാനിതനായെന്ന് ചംപയ് സോറൻ വ്യക്തമാക്കിയിരുന്നു. ഹേമന്ത് സോറൻ ജയിൽ മോചിതനായ ശേഷം ആദ്യം ചെയ്‌തത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഈ തീരുമാനത്തിന് തന്‍റെ അറിവോ സമ്മതമോ ഇല്ലായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.