ചണ്ഡീഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ എഎപിക്ക് മിന്നും ജയം; ബിജെപിക്ക് തിരിച്ചടി
നഗരത്തിലെ പല ബിജെപി പ്രമുഖരും എഎപി സ്ഥാനാർത്ഥികൾക്കു മുമ്പിൽ അടി തെറ്റി
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നടന്ന ചണ്ഡീഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) മികച്ച വിജയം. കേന്ദ്രഭരണ പ്രദേശമായ നഗരത്തിലെ 35 വാർഡുകളിൽ 14 ഇടത്തും ജയിച്ചാണ് എഎപി വരവറിയിച്ചത്. പാർട്ടിയുടെ കന്നിയങ്കമായിരുന്നു ഇത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു.
ബിജെപി 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ തവണ ശിരോമണി അകാലിദളിന്റെ പിന്തുണയോടെ മത്സരിച്ച പാർട്ടി ആകെ 26 സീറ്റിൽ 20 ഉം സ്വന്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്നാണ് സീറ്റുകൾ 26ൽ നിന്ന് 35 ആയി വർധിച്ചത്. കോൺഗ്രസ് എട്ടിടത്തും അകാലിദൾ ഒരു സീറ്റിലും വിജയിച്ചു. 2016ൽ കോൺഗ്രസിന് നാലും അകാലിദളിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.
കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും ബിജെപി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയായിരുന്നു പാർട്ടിയുടെ വോട്ടുപിടിത്തം. ഹിന്ദുത്വ, ജയ് ശ്രീരാം മുദ്രാവാക്യങ്ങൾ, അയോധ്യ ക്ഷേത്രം തുടങ്ങിയ വിഷയങ്ങളെല്ലാം പ്രചാരണത്തിനിടെ ബിജെപി ഉയർത്തിയിരുന്നു. വിജയം ആഘോഷിക്കാനായി പാർട്ടി ആസ്ഥാനത്ത് മധുരവും തയ്യാറായിരുന്നെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിലെ പല ബിജെപി പ്രമുഖരും എഎപി സ്ഥാനാർത്ഥികൾക്കു മുമ്പിൽ അടി തെറ്റി. 17-ാം വാർഡിൽ സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ എഎപിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്. മുൻ മേയർമാരും സിറ്റിങ് കൗൺസിലർമാരും തോൽവി രുചിച്ചു. ഏഴു വാർഡുകളിൽ ഭൂരിപക്ഷം ഇരുനൂറിൽ താഴെയാണ്. രണ്ട് വാർഡുകളിൽ ബിജെപി ഒമ്പത്, 90 വീതം വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. മൂന്നെണ്ണത്തിൽ നൂറിൽ താഴെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടിക്ക് 40 ശതമാനം വോട്ടു ലഭിച്ചു. ബിജെപിക്ക് 34 ശതമാനവും കോൺഗ്രസിന് 23 ശതമാനവും. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 77 ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. കോൺഗ്രസിന് എട്ടു ശതമാനം വോട്ടുകൂടി. അകാലിദളിന് മൂന്നു ശതമാനം കുറയുകയും ചെയ്തു.
വിവാദമായ കൃഷി നിയമം പിൻവലിച്ച ശേഷമുള്ള ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് ബലപരീക്ഷണം കൂടിയായിരുന്നു ചണ്ഡീഗഡിലേത്. കർഷക സമരത്തിന് നിറഞ്ഞ പിന്തുണ കിട്ടിയ സ്ഥലം കൂടിയാണിത്. നഗരത്തിലെ മട്ക ചൗക് പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്നു. മണ്ഡല പുനർനിർണയത്തോടെ 13 ഗ്രാമങ്ങൾ കൂടി കോർപറേഷനിൽ ഉൾപ്പെട്ടിരുന്നു. ഇവിടങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഗ്രാമീണ മേഖലയിൽ കർഷക പ്രതിഷേധത്തിന് വലിയ പിന്തുണ ലഭിച്ചു എന്നതിന്റെ തെളിവുകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ്.സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ വിജയിക്കാനായത് രണ്ടിടത്തു മാത്രം. പഞ്ചാബിൽ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. 'ചണ്ഡീഗഡിലെ ജനങ്ങൾ എഎപിയുടെ ആത്മാർത്ഥ രാഷ്ട്രീയത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. അഴിമതി രാഷ്ട്രീയത്തെ പുറന്തള്ളുകയും ചെയ്തിരിക്കുന്നു'- അദ്ദേഹം പറഞ്ഞു.
മേയറെ തെരഞ്ഞെടുക്കാനായി ആം ആദ്മി പാർട്ടിക്ക് 19 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയിൽ ചണ്ഡീഗഡ് എംപിക്ക് കോർപറേഷനിൽ വോട്ടവകാശം ഉള്ളതു കൊണ്ട് ബിജെപിക്ക് മേയറെ തെരഞ്ഞെടുക്കാൻ 18 പേരുടെ പിന്തുണ മതി. ബിജെപിയുടെ കിരൺ ഖേർ ആണ് ചണ്ഡീഗഡ് എംപി. നാലു പേരുടെ പിന്തുണയാണ് ആം ആദ്മി പാർട്ടിക്കു വേണ്ടത്. എട്ടംഗങ്ങളുള്ള കോൺഗ്രസ് എന്ത് നിലപാട് എടുക്കുന്നു എന്നതാണ് നിർണായകം.