2.2 കി.മീറ്റർ വെറും രണ്ടു ചക്രത്തിൽ; ഓട്ടോയിലൊരു റെക്കോര്‍ഡ് സ്റ്റണ്ട്- വിഡിയോ കാണാം
മണിക്കൂറിൽ 80 കി.മീറ്റർ വേഗതയിലാണ് ഇരുചക്രത്തിൽ ബാലൻസ് ചെയ്ത് ജഗദീഷ് ഓട്ടോ ഓടിച്ചത്
ബൈക്കും കാറും കൊണ്ടുള്ള സ്റ്റണ്ടുകളൊക്കെയല്ലേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഓട്ടോറിക്ഷ കൊണ്ട് സ്റ്റണ്ട് നടത്തുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ, അങ്ങനെയൊരു ഓട്ടോ സ്റ്റണ്ടറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. മുച്ചക്രവാഹനം വെറും രണ്ടു ചക്രത്തിൽ ഓടിച്ച് റെക്കോർഡിട്ടിരിക്കുകയാണ് ചെന്നൈ സ്വദേശി ജഗദീഷ് എം.
അതൊരു ചുമ്മാ സ്റ്റണ്ടല്ല; 2.2 കി.മീറ്റർ ദൂരമാണ് വെറും രണ്ട് ചക്രത്തിൽ ഓടിച്ചത്. അങ്ങനെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ യുവാവ്. മണിക്കൂറിൽ 80 കി.മീറ്റർ വേഗതയിലാണ് ഇരുചക്രത്തിൽ ബാലൻസ് ചെയ്ത് ജഗദീഷ് ഓട്ടോ ഓടിച്ചത്.
2015ലാണ് ഈ ഓട്ടോ അഭ്യാസത്തിലൂടെ ജഗദീഷ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. എന്നാൽ, ബുധനാഴ്ചയാണ് ഈ ഉദ്വേഗംനിറയ്ക്കുന്ന അഭ്യാസത്തിന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ജഗദീഷിനെ. ഇതിനകം തന്നെ നാലര ലക്ഷത്തോളം പേരാണ് ഗിന്നസ് റെക്കോർഡ്‌സിന്റെ പേജിൽ പങ്കുവച്ച വിഡിയോ കണ്ടത്.
'ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്-അബ് ഇന്ത്യ തോഡേഗാ' എന്ന പേരിലുള്ള റിയാലിറ്റി ഷോയിലാണ് ജഗദീഷ് ഈ റെക്കോർഡ് കുറിച്ചത്. മുംബൈയിലെ ജുഹു വിമാനത്താവളത്തിൽ വച്ചായിരുന്നു അഭ്യാസം നടന്നത്. ഇത്തരമൊരു റെക്കോർഡ് കുറിക്കാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാണ് ജഗദീഷ് പ്രതികരിച്ചത്. ലോകമൊന്നടങ്കം തന്റെ അഭ്യാസത്തിന്റെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ ഏറെ സംതൃപ്തിയുണ്ടെന്നും യുവാവ് പറയുന്നു.