ക്ലാസ്സിൽ തമിഴ് സംസാരിച്ചു; 5ാം ക്ലാസ്സുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക

കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നത്

Update: 2024-01-28 08:20 GMT
Advertising

ചെന്നൈ: ക്ലാസ്സിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ്സ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദനം. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി.ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിൽ ജനുവരി 23നായിരുന്നു സംഭവം.

നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. മറ്റൊരു കുട്ടിയോട് വിദ്യാർഥി തമിഴിൽ സംസാരിക്കുന്നത് കണ്ട ഇവർ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. ചെവി തൊലിയിൽ നിന്ന് രണ്ട് ഇഞ്ചോളം വേർപെട്ട നിലയിലായിരുന്നു മാതാപിതാക്കൾ കാണുമ്പോൾ കുട്ടി.

കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂൾ അധികൃതർ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആശുപത്രിയിലെത്തിയപ്പോൾ അത്യാസന്ന നിലയിൽ കുട്ടിയെ കാണുകയായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേർത്തു.

പിന്നീട് കുട്ടി പറയുമ്പോഴാണ് നായഗി ചെവിയിൽ പിടിച്ച് വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് സ്‌കൂളിൽ ചോദിക്കാൻ ചെന്ന ഇവരും സ്‌കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി. കുട്ടിയുടെ അമ്മ ഗുഗന്യ നായഗിയെ മർദിച്ചതായാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെ ഭാഗത്ത് നിന്നും നിലവിൽ റോയപുരം പൊലീസിൽ പരാതിയെത്തിയിട്ടുണ്ട്. നായഗിക്കെതിരെ ഐപിസി 341,323 പ്രകാരം പൊലീസ് കേസെടുത്തു. ഗുഗന്യയ്‌ക്കെതിരായ പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News