ബസിന്റെ സീറ്റിൽ നിന്നെഴുന്നേറ്റപ്പോൾ തറ പൊട്ടിപ്പൊളിഞ്ഞു; റോഡിലേക്ക് വീണ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
യാത്രക്കാരുടെ സമയോചിത ഇടപെടലിലൂടെയാണ് യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി സീറ്റിനടിയിലെ ബോർഡ് പൊട്ടി ദ്വാരത്തിലൂടെ റോഡിലേക്ക് വീണു. വല്ലലാർ നഗറിലേക്കും തിരുവേർക്കാടിലേക്കും സർവീസ് നടത്തുന്ന ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ ബസിന്റെ താഴെയുള്ള തറഭാഗം പൊട്ടുകയും അതിനുള്ളിലൂടെ യുവതി വീഴുകയുമായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരുടെ സമയോചിത ഇടപെടലിലൂടെയാണ് യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
യാത്രക്കാർ ഉടൻ തന്നെ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. റോഡിലേക്ക് വീണ യുവതിയെ പിന്നീടാണ് പുറത്തെടുത്തത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും യാത്രക്കാർ ചോദ്യം ചെയ്തു. ബസിന്റെ ശോച്യാവസ്ഥ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ലെന്നായിരുന്നു യാത്രക്കാരുടെ ചോദ്യം.
പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ബാക്കിയുള്ള യാത്രക്കാരെയെല്ലാം മറ്റൊരു ബസിൽ കയറ്റിവിടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാറിന്റെ പിടിപ്പുകേടുകളുടെ ഉദാഹരണമാണ് ഇതെന്ന് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചു.