പൗരത്വ ഭേദഗതി നിയമം; എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
രാജ്യമൊട്ടാകെ ഉയർന്ന വൻ പ്രക്ഷോഭവും വിവിധ സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടേയുമടക്കം രൂക്ഷമായ എതിർപ്പും അവഗണിച്ചാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സർക്കാരിന്റെ നടപടി
രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തിനും തുല്യത വിഭാവനം ചെയ്യുന്ന ഭരണഘടനയ്ക്കും മുകളിൽ ഇടിത്തീയായി പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു കേന്ദ്ര ബിജെപി സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി മാർച്ച് 11ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൗരത്വത്തിനായുള്ള നടപടിക്രമങ്ങൾക്കായി ഓൺലൈൻ പോർട്ടൽ തയാറാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രം പറഞ്ഞു. സിഎഎ സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയിൽ നിലനിൽക്കവേയാണ് നിയമം നടപ്പാക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെ ഉയർന്ന വൻ പ്രക്ഷോഭവും വിവിധ സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടേയുമടക്കം രൂക്ഷമായ എതിർപ്പും അവഗണിച്ചാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സർക്കാരിന്റെ നടപടി. 39 പേജുള്ള ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു.പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. ഇതില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭത്തിന് കാരണമായിരുന്നു. 2019 ഡിസംബര്‍ 11ന് കേന്ദ്രം പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു പിന്നാലെയായിരുന്നു ഇത്. രാജ്യത്തിന്‍റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നല്‍കാനുള്ള തീരുമാനമാണ് 2019ൽ രാജ്യതലസ്ഥാനത്തെയടക്കം പിടിച്ചുകുലുക്കുന്ന രീതിയിൽ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.
രാജ്യവ്യാപക പ്രതിഷേധവും എതിര്‍പ്പും കോവിഡ് വ്യാപനവും മൂലം നിയമം പ്രാബല്യത്തില്‍ വരുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോയിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കിയത് വർഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും അറിയിച്ചു.
എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം എതിർക്കപ്പെടുന്നത്.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലാണ് 2019ൽ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബർ 31നോ അതിന് മുമ്പോ കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഈ ഭേദഗതി. അതായത്, ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്തപ്പെടാതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥർക്ക് മാത്രം. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ ആറ് വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരെ കുറിച്ചുള്ള നിർവചനത്തിൽ ഭേദഗതി വരുത്തി ആറ് വര്‍ഷത്തിനുള്ളില്‍ ഫാസ്റ്റ് ട്രാക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.
കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ 11 കൊല്ലം ഇന്ത്യയില്‍ താമസിച്ചതിന് രേഖയുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ മാറുന്നത്. മുസ്‌ലിം അല്ലാത്ത അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നല്‍കുന്നതിലൂടെ മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നു. ഇന്ത്യന്‍ പൗരത്വത്തിന് മുസ്‌ലിം അല്ലാതിരിക്കല്‍ ഒരു മാനദണ്ഡമാകുന്നു എന്ന വലിയ അപകടമാണ് ഈ നിയമത്തിലുള്ളത്. മുസ്‌ലിംകളായവര്‍ മാത്രം നുഴഞ്ഞുകയറ്റക്കാരും അല്ലാത്തവര്‍ അഭയാര്‍ഥികളായും ചിത്രീകരിക്കപ്പെടുന്ന സ്ഥിതി. അതായത്, മുസ്‌ലിം വിശ്വാസികളുടെ മതം ഭരണകൂടത്തിന്റെ കണ്ണില്‍ ഒരു അയോഗ്യതയാവുന്നു. മുസ്‌ലിംകളെ രണ്ടാം തരം പൗരന്‍മാരാക്കുന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ഈ നിയമമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സ്വത്വവും നിലനില്‍പും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പശുവിന്റേയും ജയ്ശ്രീറാം വിളിയുടേയും പേരില്‍ രാജ്യമൊട്ടാകെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാവുകയും മുസ്‌ലിംകൾ കൊല്ലപ്പെടുകയും ചെയ്യുന്നതിനിടെ ഈ നിയമം ആ വിഭാഗത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കുന്നു.
എല്ലാ മതന്യൂനപക്ഷങ്ങളേയും നിയമം സംരക്ഷിക്കുന്നില്ല എന്നത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം മാറ്റിനിർത്തുന്നു എന്നാണ് പ്രതിഷേധങ്ങൾക്ക് ആധാരം. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബില്‍ യോഗ്യത കല്‍പിക്കുന്നില്ല. മറ്റ് രാജ്യങ്ങളില്‍ വിവേചനത്തിന് ഇരയാകുന്നവരുടെ കാര്യത്തിൽ കേന്ദ്ര ബിജെപി സർക്കാരിന് ആശങ്കയില്ല. മുസ്‌ലിംകളില്‍ തന്നെ അഹമ്മദീയ വിഭാഗത്തില്‍പെട്ടവരും ഷിയാ വിഭാഗക്കാരും പാകിസ്താനില്‍ വിവേചനം നേരിടുന്നുണ്ട്. മ്യാന്‍മറില്‍ വംശഹത്യയെ തുടർന്ന് വലിയൊരു വിഭാഗം റൊഹിങ്ക്യ മുസ്‌ലിംകള്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇന്ത്യയുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. മ്യാന്‍മറിനെ ഒഴിവാക്കിയാണ് പാക് അധീന കശ്മീരില്‍ കുറച്ചുമാത്രം അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനെ കേന്ദ്രം പരിഗണിക്കുന്നത്. ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകള്‍ ക്രൂരമായ അടിച്ചമര്‍ത്തലിനും പീഡനങ്ങൾക്കും വംശഹത്യയ്ക്കും ഇരയാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവരെയൊന്നും പരിഗണിക്കാതെ നീങ്ങുന്ന കേന്ദ്ര സർക്കാർ, മുസ്‌ലിം അഭയാര്‍ഥികള്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ അഭയം പ്രാപിച്ചുകൊള്ളട്ടേ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതു കൂടാതെ, തമിഴ് വംശഹത്യ അരങ്ങേറിയ ശ്രീലങ്കയില്‍ ഹിന്ദു-ക്രിസ്ത്യന്‍ മതസ്ഥരായ തമിഴ് വംശജരും വിവേചനം നേരിടുന്നു. അവരെയും പരിഗണിക്കുന്നില്ല.
അഭയാര്‍ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പൗരത്വം നൽകി സ്വീകരിക്കുന്ന സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നതിൽ സംശയമില്ല. എല്ലാ മതത്തില്‍പെട്ടവര്‍ക്കും തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷെ ഈ പുതിയ നിയമം മതത്തെ പൗരത്വം നല്‍കാനുള്ള മാനദണ്ഡമാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യാൻ പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. ജാതി, മത, വര്‍ഗ, വംശ, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യതയ്ക്കായുള്ള മൗലിക അവകാശമുണ്ടെന്ന് ഭരണഘടനയുടെ 14-ാം അനുഛേദം വ്യക്തമാക്കുന്നു. ഇതിന്റെ നഗ്നമായ ലംഘനമാണ് പൗരത്വഭേദഗതി നിയമമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ് ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം തച്ചുടയ്ക്കപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് ഈ വിവാദ നിയമം നടപ്പാക്കിയതിലൂടെ നേട്ടം കൊയ്യാനാകുമെന്നാണ് ബിജെപി വിലയിരുത്തൽ. ഹിന്ദുത്വ അജണ്ടയില്‍ ഊന്നി വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന വിമർശനം ശക്തമാണ്. രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരിൽ വിഭജിച്ച് സംഘര്‍ഷം ഉണ്ടാക്കി അതിൽ നിന്നും നേട്ടമുണ്ടാക്കുകയെന്നതാണ് മോദി സർക്കാർ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അസം ഉള്‍പ്പെടെയുള്ള വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങളെ പുറത്താക്കുക എന്നതാണ് നിയമത്തിന്റെ ഗൂഢ ഉദ്ദേശമെന്നും വിമർശനമുണ്ട്. നിയമത്തിനെതിരെ ഇതിനോടകം അസമിലുൾപ്പെടെ വലിയ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർഥി സംഘടനകൾ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലുമടക്കം പ്രതിഷേധം നടക്കുന്നുണ്ട്. അയോധ്യയിൽ സംഘ്പരിവാർ കർസേവകർ ബാബരി മസ്ജിദ് തകർത്തയിടത്ത് രാമക്ഷേത്രം നിര്‍മിച്ച് തുറന്നുകൊടുത്തതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമം കൂടി നടപ്പാക്കുന്നതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വോട്ടുകൾ തങ്ങൾക്കനുകൂലമായി ഏകീകരിച്ച് ഗുണമുണ്ടാക്കാമെന്ന ഗൂഢസിദ്ധാന്തമാണ് കേന്ദ്രസർക്കാർ പയറ്റുന്നതെന്നതിൽ സംശയമില്ല. എന്നാൽ സുദീർഘമായി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉന്മൂലന സിദ്ധാന്തത്തിന്റെ ടെസ്റ്റ് ഡോസാണിതെന്ന് സാമൂഹിക-രാഷ്ട്രീയ-മത-നിയമ മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.