തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജികളിൽ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ 2023 ഡിസംബറിലാണ് പാര്‍ലമെന്റ് പാസാക്കിയത്.

Update: 2024-12-03 14:37 GMT
Editor : rishad | By : Web Desk

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന 

Advertising

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കാനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി. 

ചീഫ് ജസ്റ്റിസ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ഭാഗമല്ലാത്ത മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ 2023 ഡിസംബറിലാണ് കേന്ദ്രം പാസാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് അംഗങ്ങളുടെ നിയമനത്തിനുള്ള നടപടിക്രമങ്ങൾ നിശ്ചയിക്കുന്നതായിരുന്നു ബിൽ. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് പുതിയ ബിൽ പ്രകാരം സമിതിയിൽ അടങ്ങുന്നത്.  

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കണമെന്ന സുപ്രിംകോടതിയുടെ നിർദ്ദേശത്തിന് വിരുദ്ധമായാണ് കേന്ദ്രം ബിൽ പാസാക്കിയത്. 

ഇതിനെതിരെയുള്ള ഹര്‍ജിയാണ് കോടതിക്ക് മുമ്പാകെയുള്ളത്. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്രം നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ബില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News