'ഡികെയെ മുഖ്യമന്ത്രിയാക്കണം': നിയമസഭാ കക്ഷിയോഗം നടക്കുന്ന ഹോട്ടലിലേക്കെത്തി അനുയായികൾ
യോഗത്തിനായ് ഡി.കെ ശിവകുമാർ ബെംഗളൂരുവിലെ ഹോട്ടലിലെത്തിയിട്ടുണ്ട്, മുഴുവൻ എം.എൽ.എമാരും എത്തിച്ചേർന്നതിന് ശേഷം യോഗം ആരംഭിക്കും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരവേ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനായി അനുയായികൾ രംഗത്ത്.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി നിയമസഭാ കക്ഷിയോഗം നടക്കുന്ന ഹോട്ടലിലേക്ക് അനുയായികളെത്തി. ഹൈക്കമാൻഡിന്റെ തീരുമാനം എന്ത് തന്നെയായാലും സ്വാഗതം ചെയ്യുമെന്നും അതേസമയം ഡികെ മുഖ്യമന്ത്രിയാകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അനുയായികൾ പറഞ്ഞു.
അൽപസമയത്തിനകം ആരംഭിക്കുന്ന യോഗത്തിനായ് ഡി.കെ ശിവകുമാർ ബെംഗളൂരുവിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. മുഴുവൻ എം.എൽ.എമാരും എത്തിച്ചേർന്നതിന് ശേഷം യോഗം ആരംഭിക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി സിദ്ധരാമയ്യ നേരത്തേ തന്നെ എത്തിയിരുന്നു. മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ എത്തിയതിന് ശേഷമാവും യോഗം ആരംഭിക്കുക.
കർണാടകയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി തിരക്കിട്ട നീക്കങ്ങളിലാണ് കോൺഗ്രസ്. ബുധനാഴ്ചയോ മറ്റോ മന്ത്രിസഭ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും.