വന്ദേഭാരത് ഊണില്‍ കൂറ; ഗുജറാത്ത് റെസ്‌റ്റോറന്റിലെ സാമ്പാറില്‍ ചത്ത എലി
ഇന്നലെ ഫുഡ് ആപ്പായ സെപ്‌റ്റോയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത ചോക്ലേറ്റ് സിറപ്പില്‍നിന്നും ചത്ത എലിയെ കിട്ടിയിരുന്നു
ഭോപ്പാല്‍/അഹ്മദാബാദ്: വന്ദേഭാരത് ട്രെയിനിലെ ഉച്ചയൂണിനൊപ്പം നല്‍കിയ കറിയില്‍ കൂറ! ഗുജറാത്തിലെ ഒരു റെസ്റ്റോറന്റില്‍ കഴിക്കാനായി മുന്നില്‍ കൊണ്ടുവച്ച സാമ്പാറില്‍ ചത്ത എലി! ഇന്ന് പുറത്തുവന്ന രണ്ടു വാര്‍ത്തകളാണിവ. ചത്ത ജീവികള്‍ മുതല്‍ മനുഷ്യന്റെ കൈവിരല്‍ വരെ ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നത് തുടര്‍ക്കഥയാകുകയും വലിയ വിമര്‍ശനമുയരുകയും ചെയ്തതിനും പിന്നാലെയാണു പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വന്ദേഭാരതില്‍ ഭോപ്പാലില്‍നിന്ന് ആഗ്രയിലേക്കു പുറപ്പെട്ട ദമ്പതികള്‍ക്കാണ് ഭക്ഷണത്തില്‍നിന്നു കൂറയെ ലഭിച്ചത്. ഇവരുടെ സഹോദരി പുത്രനാണ് കൂറയുടെ ചിത്രംസഹിതം സംഭവത്തെ കുറിച്ച് എക്‌സില്‍ പോസ്റ്റിട്ടത്. ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണവിതരണ വിഭാഗമായ ഐ.ആര്‍.സി.ടി.സി നല്‍കിയ ഊണിനൊപ്പം ലഭിച്ച കറിയിലായിരുന്നു ജീവിയെ കണ്ടെത്തിയത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദിത് വാര്‍ഷ്‌നി എന്ന യുവാവ് ഇന്ത്യന്‍ റെയില്‍വേയെയും റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്ത് ആവശ്യപ്പെട്ടു.
പോസ്റ്റില്‍ ഐ.ആര്‍.സി.ടി.സി പ്രതികരിച്ചിട്ടുണ്ട്. സംഭവത്തില്‍ പിഴയിട്ടിട്ടുണ്ടെന്നും ശക്തമായ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഗൗരവത്തോടെയാണു വിഷയം കാണുന്നതെന്നും ബന്ധപ്പെട്ട സേവനദാതാക്കള്‍ക്കെതിരെ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികരണത്തില്‍ വ്യക്തമാക്കി. ഭക്ഷ്യ പരിശോധന കര്‍ക്കശമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വന്ദേഭാരതിലെ ഭക്ഷണത്തില്‍നിന്ന് കൂറയെ ലഭിക്കുന്നത് ഇതാദ്യമായല്ല. നേരത്തെയും ഇത്തരത്തിലുള്ള പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭോപ്പാലിനടുത്തുള്ള കമലപതിയില്‍നിന്ന് ജബല്‍പൂര്‍ ജങ്ഷനിലേക്ക് ട്രെയിനില്‍ തിരിച്ച ഡോ. ശുഭേന്ദു കേസരി എന്നയാള്‍ക്കും ഭക്ഷണത്തില്‍നിന്ന് ചത്ത കൂറയെ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഭോപ്പാല്‍-ഡല്‍ഹി വന്ദേഭാരതിലെ ഭക്ഷണത്തില്‍ കൂറയെ ലഭിച്ചതിനു വിതരണക്കാരനെതിരെ 25,000 രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, അഹ്മാദാബാദിലെ നികോളിലുള്ള ദേവി ദോശ പാലസ് എന്ന റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് സാമ്പാറില്‍നിന്നു ചത്ത എലിയെ കിട്ടിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഹോട്ടല്‍ ഉടമകള്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍(എ.എം.സി) ആരോഗ്യ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും റെസ്‌റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു. ഉടമ അല്‍പേഷ് കേവാദിയയ്ക്കു നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
റെസ്റ്റോറന്റിന്റെ അടുക്കള തുറന്നിട്ട നിലയിലാണെന്നും മൃഗങ്ങള്‍ക്കും ജീവികള്‍ക്കും സൈ്വര്യവിഹാരത്തിനു പറ്റിയ സ്ഥിതിയാണ് ഇവിടെയുള്ളതെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്ഷ്യശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. സുരക്ഷിതമല്ലാത്ത രീതിയിലാണു ഭക്ഷണം പാചകം ചെയ്തിരുന്നതെന്നും ഇതിനാല്‍ സ്ഥാപനം സീല്‍ ചെയ്ത് അടച്ചുപൂട്ടുകയാണെന്നും നോട്ടിസില്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഫുഡ് ആപ്പായ സെപ്‌റ്റോയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത ചോക്ലേറ്റ് സിറപ്പില്‍നിന്നും ചത്ത എലിയെ കിട്ടിയിരുന്നു. പ്രമി ശ്രീധര്‍ എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹെര്‍ഷെയുടെ ചോക്ലേറ്റില്‍നിന്നാണ് ചത്ത ജീവിയെ ലഭിച്ചത്. സംഭവത്തില്‍ കമ്പനി നേരിട്ട് പ്രതികരിക്കുകയും നടപടി ഉടന്‍ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പാണ് മുംബൈയില്‍ ഐസ്‌ക്രീമില്‍നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. വലിയ ഞെട്ടലും ഭക്ഷ്യസുരക്ഷയെ കുറിച്ച് ഉത്കണ്ഠയും സൃഷ്ടിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും നടന്നിരുന്നു.
Summary: Cockroach found in Vande Bharat meal, Dead rat found in Sambar at Ahmedabad restaurant