നാല് തവണ സി.പി.എം എം.എൽ.എ, നിലവിൽ ബി.ജെ.പി എം.പി; കാഗൻ മുർമുവിന്റെ കമ്മ്യൂണിസ്റ്റ് ജീവിതം
ബംഗാളിൽ സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയ ആദ്യ നേതാക്കളിലൊരാളാണ് കാഗൻ മുർമു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് മാൾഡയിൽ ബി.ജെ.പിക്കായി വോട്ട് തേടുന്ന കാഗൻ മുർമു തന്റെ കമ്മ്യൂണിസ്റ്റ് ജീവിതം ഇന്നും ഗൃഹാതുരതയോടെ ഓർക്കുകയാണ്. സന്താൾ ആദിവാസി ഗോത്ര വിഭാഗക്കാരനായ ഇദ്ദേഹം സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലെത്തിയ ആദിവാസി നേതാവ് കൂടിയാണ്.
നാലുതവണ സി.പി.എം ചിഹ്നത്തിൽ എം.എൽ.എയായി. 2019ൽ ബിജെപിയിൽ ചേർന്ന് എം.പിയായി. ഇതാണ് കാഗൻ മുർമുവിന്റെ ലഘുജീവചരിത്രം.
മാൾഡയിലെ ഇടുങ്ങിയ തെരുവിൽ സാധാരണക്കാരുടെ ഫ്ലാറ്റിലാണ് ജീവിതം. മുറികളിൽ നിറയെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ. സി.പി.എമ്മിൽ വിശ്വാസങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നെന്നും മറാങ് ബുറുവിനേയും ചന്ദുബാബയേയും ആരാധിക്കാതെ ആദിവാസി ജീവിതം ഇല്ലെന്നും അദ്ദേഹം പറയുന്നു.
മറാങ് ബുറുവാണ് സന്താൾ ആദിവാസി ഗോത്രത്തിന്റെ പ്രധാന മൂർത്തി. മഹാപർവതം എന്നർഥം. പ്രകൃതി ആരാധകരാണ് സന്താൾ ഗോത്രക്കാർ. ലളിത ജീവിതം ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവർത്തകരോട് കർഷക, കമ്മ്യൂണിസ്റ്റ് ജീവിതം മറക്കാനാവില്ലെന്നാണ് കാഗൻ മുർമുവിന്റെ മറുപടി.
ബംഗാളിൽ സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയ ആദ്യ നേതാക്കളിലൊരാളാണ് കാഗൻ മുർമു. കോൺഗ്രസിലെ മുഷ്താഖ് ആലമാണ് ഇത്തവണ പ്രധാന എതിരാളി. കാഗൻ മുർമുവിന്റെ ജീവിതം ചൂണ്ടിക്കാട്ടി ആദിവാസി, ജാതി രാഷ്ട്രീയം ഉൾക്കൊള്ളാൻ സി.പി.എമ്മിന് കുറേക്കൂടി സാധിക്കേണ്ടതുണ്ട് എന്നഭിപ്രായപ്പെടുന്ന ഇടത് ചിന്തകരുണ്ട് ബംഗാളിൽ.