ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം, ട്രാക്കിൽ കോൺക്രീറ്റ് തൂൺ വെച്ച 16കാരൻ അറസ്റ്റിൽ; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി, ദുരന്തം ഒഴിവായത് തലനാരിഴക്ക്

Update: 2024-09-29 10:40 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഫെൻസിങ് കോൺക്രീറ്റ് തൂൺ വച്ച് തടസം സൃഷ്ടിച്ചതാണ് ഏറ്റവുമൊടുവിലത്തെ വാർത്ത. യുപിയിലെ ബാന്ദ–മെഹോബ ട്രാക്കിലാണ് സംഭവം. ട്രാക്കിൽ കോൺക്രീറ്റ് തൂൺ വച്ച 16കാരനെ പൊലീസ് പിടികൂടി.

ട്രാക്കിൽ കോൺക്രീറ്റ് തൂൺ കണ്ട ഉടനെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഉടൻ തന്നെ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. ആർപിഎഫും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 16കാരനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് മേഖലാ സർക്കിൾ ഓഫീസർ ദീപക് ദുബേ പറഞ്ഞു.

കഴിഞ്ഞ ദിവസം ബൈരിയയിലും സമാന സംഭവമുണ്ടായിരുന്നു. ഇന്നലെ രാവിലെ ബൈരിയയിലെ ട്രാക്കിൽ അപരിചിതർ കൊണ്ടുവെച്ച കല്ലിൽ ട്രെയിന്റെ എഞ്ചിൻ തട്ടുകയായിരുന്നു. ഇതിനെ തുടർന്ന് കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. ഇവിടെയും ലോക്കോപൈലറ്റ് നടത്തിയ സംയോജിതമായ ഇടപെടലിന്റെ ഭാ​ഗമായാണ് വൻ ​ദുരന്തം ഒഴിവായത്.

എന്നാൽ ഇതു ചെയ്തത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ആർപിഎഫ് പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സംഭവത്തിൽ ഏതെങ്കിലും രീതിയിലുളള ഗൂഢാലോചനയുണ്ടോയെന്നും സംഘം അന്വേഷിക്കുമെന്ന് ബൈരിയ സർക്കിൾ ഓഫീസർ മുഹമ്മദ് ഉസ്മാൻ പറഞ്ഞു. അടുത്തിടയായി ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാവുകയാണ്. ഇതിന്റെ പശ്ചാതലത്തിൽ പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് റെയിൽവേയും പൊലീസും.

 ‌‌

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News